ഉള്ളത് ലേണേഴ്സ് ലൈസൻസ്, രാത്രി ഡ്രൈവിങ് പഠനം; മലപ്പുറത്ത് 4 വയസുകാരിയുടെ ജീവനെടുത്ത കാറപകടം, യുവതി അറസ്റ്റിൽ

മലപ്പുറം: കാറിടിച്ച് നാലുവയസുകാരി മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ വാഹനമോടിച്ച യുവതിയെ പൊലീസ് അറസ്റ്റുചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഡ്രൈവിങ് പഠിക്കുന്നതിനിടെ കഴിഞ്ഞ വെള്ളി രാത്രി 11ന് ഏറാന്തോട്ട് കാറിടിച്ച് വീടിന്റെ മതില്‍ തകര്‍ന്ന് നാലുവയസുകാരി മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന ഏറാന്തോട് തെക്കന്‍ ഹൗസില്‍ ആയിഷ റഹ്നയെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. അങ്ങാടിപ്പുറം ഏറാന്തോട് തോട്ടുങ്ങല്‍ ഹൗസില്‍ സെയ്ഫുദ്ദീന്റെ മകള്‍ ഇഫ്സ ഫാത്തിമയാണ് അപകടത്തില്‍ മരിച്ചത്.

അശ്രദ്ധയോടെ വാഹനമോടിച്ച് മരണത്തിന് കാരണമായതിനുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളതെന്ന് മങ്കട ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കാറോടിച്ചിരുന്ന യുവതിക്ക് ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്നും ലേണേഴ്സ് ലൈസന്‍സ് മാത്രമാണുള്ളതെന്നും പൊലീസ് പറഞ്ഞു. സെയ്ഫുദ്ദീന്റെ സഹോദരന്റെ മകള്‍ പത്താം ക്ലാസില്‍ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തില്‍ അവരുടെ വീട്ടില്‍വച്ച് കേക്ക് മുറിച്ച് മധുരം പങ്കുവച്ച് വീട്ടിൽ നിന്നിറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് വന്ന കാര്‍ മതിലും ഗേറ്റും തകര്‍ത്താണ് അപകടം. കുട്ടി മതിലിനടയില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇഫ്സ ഫാത്തിമയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.