ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമോ? പുതിയ മന്ത്രിയുടെ ആദ്യ പ്രതികരണം; ഈ അധ്യയന വർഷവും വൻ വിജയമാക്കാമെന്ന് എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറന്നുപ്രവർത്തിക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി എൻ ഷംസുദ്ദീൻ. പുതിയ അധ്യയന വർഷം ഏറ്റവും മികച്ച രീതിയിൽ സ്വാഗതം ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് ചേർത്ത് നിർദേശങ്ങൾ നൽകി. സ്കൂൾ പ്രവേശനോത്സവം ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് അറിയിച്ച മന്ത്രി, കുട്ടികളെ സ്വീകരിക്കാൻ വിപുലമായ പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും അറിയിച്ചു. സ്കൂളും പരിസരവും പൂർണമായും ശുചീകരിക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിടിഎയുടെയും സഹകരണത്തോടെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒന്നാം ഘട്ട പാഠപുസ്തകങ്ങളുടെ വിതരണം ഇതിനകം തന്നെ 80 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന പുസ്തകങ്ങൾ മെയ് 31നകം കുട്ടികളിലേക്ക് എത്തിക്കാൻ നിർദേശം നൽകി. വിദ്യാലയ പരിസരങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. കുട്ടികളുടെ സുരക്ഷയ്ക്ക് തന്നെയാണ് മുൻഗണന. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും കൈകോർത്ത് ഈ അധ്യയന വർഷവും നമുക്ക് വൻ വിജയമാക്കാമെന്നും എല്ലാ കുട്ടികൾക്കും മുൻകൂട്ടി ഹൃദ്യം നിറഞ്ഞ ആശംസകൾ നേരുന്നതായും മന്ത്രി എൻ ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.

അതേസമയം വിദ്യാഭ്യാസ വകുപ്പ് എൻ ഷംസുദ്ദീന് ആണെന്ന അനൗദ്യോഗിക വിവരമുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. യുഡിഎഫിലെ ധാരണപ്രകാരം, വിദ്യാഭ്യാസ വകുപ്പ് ലീഗിനാണ്. മുസ്ലീം ലീഗ് നേതാവായ ഷംസുദ്ദീൻ, മണ്ണാർക്കാട് മണ്ഡലത്തെ ആണ് സഭയിൽ പ്രതിനിധീകരിക്കുന്നത്. ഇക്കഴിഞ്ഞ 18നാണ് ഷംസുദ്ദീനടക്കം 20 മന്ത്രിമാരും മുഖ്യമന്ത്രി വി ഡി സതീശനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.