പരാജയ കാരണമായ വിഷയങ്ങള്‍ ആരായുന്ന 34 ചോദ്യങ്ങള്‍; ചോദ്യാവലിയുമായി സിപിഐഎം; വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് എം വി ഗോവിന്ദന്

തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചോദ്യാവലിയുമായി സിപിഐഎം. തോല്ക്കാന് കാരണമായ വിഷയങ്ങള്‍ ആരായുന്ന 34 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഏരിയാ കമ്മിറ്റികള്‍ക്കാണ് ചോദ്യാവലി നല്‍കിയിരിക്കുന്നത്. ലോക്സഭാ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എത്ര വോട്ട് കിട്ടി? ബിജെപി വോട്ടുകള്‍ എത്ര? സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗം വിളിച്ചോ? തുടങ്ങിയവയാണ് ചോദ്യാവലിയില്‍ ഉള്ളത്.

ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം പ്രലപ്രദമായി നടന്നോ, ബിജെപിക്ക് വോട്ട് കുറഞ്ഞിട്ടുണ്ടോ? , വര്‍ധിച്ചിട്ടുണ്ടോ?, യുഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ, പരാജയത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്? അവ എങ്ങനെയാണ് ഏരിയാ കമ്മിറ്റിയുടെ കീഴില്‍ പ്രതിഫലിച്ചത്? തുടങ്ങിയ ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
അതേമയം, തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഇന്ന് പറഞ്ഞു. വിമര്‍ശനത്തിന് അതീതരായി ആരുമില്ലെന്നും, തെറ്റ് തിരുത്തലാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമയും ഉത്തരവാദിത്തവുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജനും പ്രതികരിച്ചു.

കല്‍പ്പറ്റയില്‍ ടി സിദ്ദിഖിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ വിശ്വാസയോഗ്യത ഇല്ലാത്തതെന്ന് സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ടൗണ്‍ഷിപ്പ് ഉദ്ഘാടന പരിപാടി പാര്‍ട്ടി പരിപാടിയാക്കി മാറ്റി. പാര്‍ട്ടി ജില്ലാ സെക്രട്ടറി എസ്എഫ്ഐ നേതാവല്ല എന്നോര്‍ക്കണമെന്നും സെലിബ്രിറ്റികള്‍ വരുമ്പോള്‍ റീല്‍സ് എടുക്കല്‍ അല്ല സംഘടനാ പ്രവര്‍ത്തനം എന്നും ജില്ലാ സെക്രട്ടറി കെ റഫീഖിനെതിരെയും വിമര്‍ശനം ഉയര്‍ന്നു.