കോയമ്പത്തൂരില്‍ 10 വയസ്സുകാരി അതിക്രൂരമായ അതിക്രമത്തിന് ഇരയായി മരിച്ച കേസ്; വാര്‍ത്താസമ്മേളനത്തില്‍ ചിരിച്ചുല്ലസിച്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വൻ ജനരോഷം

കോയമ്പത്തൂർ: സുലൂരില്‍ 10 വയസ്സുകാരി അതിക്രൂരമായ അതിക്രമത്തിന് ഇരയായി മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചിരിച്ചുകളിച്ച് സംസാരിച്ച സംഭവം വലിയ വിവാദമാകുന്നു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ജനരോഷവും വലിയ രീതിയിലുള്ള വിമർശനവുമുയർന്നു. കോയമ്പത്തൂർ റേഞ്ച് ഡിഐജി പി സാമിനാഥൻ, കോയമ്പത്തൂർ എസ്പി അല്ലാട്ടിപ്പള്ളി പവൻ കുമാർ റെഡ്ഡി, വെസ്റ്റ് സോണ്‍ ഇൻസ്പെക്ടർ ജനറല്‍ ആർ വി രമ്യ ഭാരതി എന്നിവരാണ് വിവാദമായ ഈ വീഡിയോയിലുള്ളത്. തമിഴ്നാടിനെയാകെ നടുക്കിയ ഒരു ദാരുണ സംഭവത്തെക്കുറിച്ച് സംസാരിക്കാൻ എത്തിയ മുതിർന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ ലഘുവായ സമീപനമാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
പൊലീസ് നടപടിയില്‍ നിരുത്തരവാദപരമായ സമീപനം

പെണ്‍കുട്ടി നേരിട്ട ദാരുണമായ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനായി ഇരുന്ന ശേഷം ഉദ്യോഗസ്ഥർ പരസ്പരം എന്തൊക്കെയോ സംസാരിച്ച് ചിരിക്കുന്നതാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. ഇത്രയും സെൻസിറ്റീവായതും പൊതുജനങ്ങളുടെ വലിയ പ്രതിഷേധം നിലനില്‍ക്കുന്നതുമായ ഒരു കേസിനെക്കുറിച്ച് സംസാരിക്കാൻ എത്തിയവർ തീർത്തും നിരുത്തരവാദപരമായാണ് പെരുമാറിയതെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം. ഒരു പിഞ്ചുകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനം മുഴുവൻ വലിയ ദുഃഖത്തില്‍ കഴിയുമ്പോള്‍ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വലിയ സന്തോഷത്തിലാണോ എന്ന് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചോദ്യമുന്നയിക്കുന്നുണ്ട്. ഈ വിഷയം വലിയ രീതിയില്‍ ചർച്ചയായിട്ടും ആരോപണവിധേയരായ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇതുവരെ ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.