സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; തൃശൂരില്‍ മിന്നല്‍ ചുഴലി, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; തൃശൂരില്‍ മിന്നല്‍ ചുഴലി, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

ശക്തമായ മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത നാശനഷ്ടം. തൃശൂർ ജില്ലയില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശമുണ്ടായപ്പോള്‍, മറ്റ് ജില്ലകളില്‍ മരം വീണും കെട്ടിടങ്ങള്‍ തകർന്നുവീണും നിരവധി അപകടങ്ങളുണ്ടായി.
ഗതാഗത തടസവും പലയിടത്തും ജനജീവിതം ദുഷ്കരമാക്കിയിട്ടുണ്ട്.

തൃശൂർ ജില്ലയിലെ വില്‍വട്ടം, നടത്തറ, പൂച്ചട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ മിന്നല്‍ ചുഴലി വലിയ നാശനഷ്ടങ്ങളാണ് വിതച്ചത്. പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂള്‍ കോമ്പൗണ്ടില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. അപകടസമയത്ത് കുട്ടികള്‍ സ്കൂളിന് അകത്തായിരുന്നതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. മരം വീണ് നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
വില്ലടം വില്ലേജ് ഓഫീസിനു മുന്നിലും മില്‍മ ബൂത്തിന് മുന്നിലും മരം വീണതിനെ തുടർന്ന് ഈ മേഖലയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. കനത്ത മഴയെത്തുടർന്ന് മറ്റത്തൂരില്‍ പത്തിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
കണ്ണൂർ തളാപ് എല്‍ഐസി റോഡില്‍ കാലപ്പഴക്കമുള്ള ഇരുനില കെട്ടിടവും മതിലും ശക്തമായ മഴയില്‍ തകർന്നു വീണു. സമാനമായി, കനത്ത മഴയില്‍ കോഴിക്കോട് തോട്ടുമുക്കം സ്വദേശി ബാബുവിന്റെ വീടിന്റെ ചുറ്റുമതിലും തകർന്നു. ഈ രണ്ട് സ്ഥലങ്ങളിലും സമീപത്ത് ആളുകളില്ലാതിരുന്നതിനാല്‍ വലിയ അപകടങ്ങളാണ് ഒഴിവായത്.
വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും ഗതാഗത തടസവും
കൊല്ലം: എഴുകോണിനും ചീരങ്കാവിനും ഇടയില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമി ഇടിഞ്ഞു താണു. സമീപത്തെ കോണ്‍ക്രീറ്റ് പില്ലറുകളും പാളികളും ഒരു മരവും ഈ കുഴിയിലേക്ക് വീണു.
തിരുവനന്തപുരം: മുടവൻമുകളില്‍ മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീണെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
ഇടുക്കി: രാജാക്കാട് പുന്ന സിറ്റിയില്‍ കാറ്റിലും മഴയിലും വൻമരം റോഡിലേക്ക് വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
പാലക്കാട്: പരുത്തിപ്പുള്ളി – മണിയമ്പാറ റൂട്ടില്‍ മരം കടപുഴകി വൈദ്യുതി കമ്പികള്‍ക്ക് മുകളിലേക്ക് വീണു.
എറണാകുളം പെരുമ്പാവൂരില്‍ പെരിയാർ നദിയില്‍ തോണി മറിഞ്ഞ് കാണാതായ ആലപ്പുഴ സ്വദേശി അഖിലിനായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.