‘ദൃഢവും ഭൂതകാലവും എന്റെ കഥകള്‍ മോഷ്ടിച്ച് ഉണ്ടാക്കിയത്’; ഈ രണ്ടുസിനിമകളും തമ്മില്‍ മറ്റൊരു കണക്ഷൻ ഉണ്ടെന്ന് ശ്രീലേഖ

തിരുവനന്തപുരം: യുവതാരം ഷെയ്ൻ നിഗം നായകനായ ദൃഢം, ഭൂതകാലം എന്നീ ചിത്രങ്ങള്‍ തന്റെ കഥകള്‍ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന് വട്ടിയൂർക്കാവ് കൗണ്‍സിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ.

“കരിങ്കുടി പോലീസ് സ്റ്റേഷൻ” എന്ന തന്റെ ചെറുകഥ മോഷ്ടിച്ചാണ് ദൃഢം എടുത്തതെന്നാണ് ശ്രീലേഖയുടെ ആരോപണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
പോസ്റ്റിന്റെ പൂർണരൂപം

“ദൃഢം” (Dridam) എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങള്‍ക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച “കരിങ്കുടി പോലീസ് സ്റ്റേഷൻ” എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാല്‍ ഒരു തെറ്റുമില്ല.
ഈ കഥ ഞാൻ എന്റെ യൂട്യൂബ് ചാനലില്‍ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവർക്കായി link താഴെ കൊടുക്കുന്നു.
എന്റെ ചാനലില്‍ മൂന്ന് വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് “ഭൂതകാലം” എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. ‘ഭൂത ഭവനം’ എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ.
ഈ രണ്ടു സിനിമകളും തമ്മില്‍ മറ്റൊരു കണക്ഷൻ ഉണ്ട്. രണ്ടിലെയും നായകൻ “ഷെയിൻ നിഗം” ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോള്‍ മുതല്‍ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഢം എന്ന സിനിമയില്‍, പോലീസ് വേഷത്തില്‍.
എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.