പെട്രോള്‍ വില 5 രൂപ കുറച്ചു; ഡീസല്‍ വില 3 രൂപയും, വന്‍ പ്രഖ്യാപനവുമായി നയാര എനര്‍ജി

ന്യൂ ഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറച്ച് നയാര എനര്‍ജി. പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്.

ജൂലൈ ഒന്ന് മുതല്‍ പുതിയ വിലയായിരിക്കും ഈടാക്കുക എന്ന് കമ്പനി അറിയിച്ചു. ഇതോടെ മറ്റു പ്രധാന എണ്ണ കമ്പനികളും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് നയാരയുടെ നടപടി.
പശ്ചിമേഷ്യന്‍ യുദ്ധം കാരണം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിനാല്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില നാല് തവണ വര്‍ധിപ്പിച്ചിരുന്നു. യുദ്ധം അവസാനിക്കുകയും ക്രൂഡ് വില കുറഞ്ഞ് 72 ഡോളറിലെത്തുകയും ചെയ്തിട്ടും പെട്രോള്‍ വില കുറയ്ക്കാന്‍ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ തയ്യാറായിട്ടില്ല. അതിനിടെയാണ് നയാരയുടെ നീക്കം വ്യത്യസ്തമായത്. ഇത് മറ്റു കമ്പനികളില്‍ സമ്മര്‍ദ്ദം ചെലത്തുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നയാര പെട്രോളിന് 5 രൂപയും ഡീസലിന് മൂന്ന് രൂപയും വര്‍ധിപ്പിച്ചിരുന്നു. അതേസമയം, ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം ഉള്‍പ്പെടെയുള്ള ആഭ്യന്തര എണ്ണ കമ്പനികള്‍ പെട്രോളിന് 8 രൂപയോളം വര്‍ധിപ്പിച്ചു. ഇത് അവശ്യവസ്തുക്കളുടെ വില ഉയരാന്‍ ഇടയാക്കുകയും ചെയ്തിരുന്നു.
നയാര എനര്‍ജി കമ്പനിയുടെ ഉടമസ്ഥര്‍ ആര്?
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ എണ്ണശുദ്ധീകരണ കമ്പനിയാണ് നായാര എനര്‍ജി. മുന്‍പ് ‘എസ്സാര്‍ ഓയില്‍’ എന്നറിയപ്പെട്ടിരുന്ന നായാര ഗുജറാത്തിലെ വാദിനാര്‍ ഇന്ധന ശുദ്ധീകരണശാല വഴിയാണ് പ്രവര്‍ത്തനം നടത്തുന്നത്. പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ ഇന്ധനം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള വാദിനാര്‍ സ്പെഷ്യാലിറ്റി റിഫൈനറിക്ക് പുറമെ, ആറായിരത്തോളം റീട്ടെയില്‍ ഔട്ട്ലെറ്റുകളും ഈ കമ്പനിക്കുണ്ട്.
നായാര എനര്‍ജിയുടെ ഉടമസ്ഥാവകാശം പ്രധാനമായും രണ്ട് പ്രധാന ഓഹരി പങ്കാളികളിലായാണ് നിക്ഷിപ്തമാക്കിയിരിക്കുന്നത്. റഷ്യന്‍ സര്‍ക്കാരിന് പങ്കാളിത്തമുള്ള റോസ്നെഫ്റ്റിന്, നയാര കമ്പനിയില്‍ 49.13 ശതമാനം ഓഹരിയുണ്ട്. ബാക്കിയുള്ള 49.13 ശതമാനം ഓഹരി വിഹിതം കേസാനി എന്റര്‍പ്രൈസസ് കമ്പനി ലിമിറ്റഡ് എന്ന സംയുക്ത കണ്‍സോര്‍ഷ്യത്തിന്റെ പക്കലാണുള്ളത്.
ഈ കേസാനിയില്‍ തുടക്കത്തില്‍ റഷ്യന്‍ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ യു.സി.പി.ക്കും ആഗോള കമ്മോഡിറ്റി വ്യാപാര ഭീമനായ ട്രാഫികുരയ്ക്കും തുല്യ പങ്കാളിത്തമാണുണ്ടായിരുന്നത്. ഈ സംയുക്ത അന്താരാഷ്ട്ര സംരംഭമാണ് നായാരയുടെ നിയന്ത്രണത്തില്‍ മുന്‍പ് വലിയ പങ്കുവഹിച്ചിരുന്നത്. എന്നാല്‍ 2023 ജനുവരിയില്‍ ട്രാഫികുര തങ്ങളുടെ കേസാനിയിലുള്ള 24.5 ശതമാനം ഓഹരികള്‍ ഇറ്റാലിയന്‍ മാരെറ്റെറ ഗ്രൂപ്പിന്റെ കീഴിലുള്ള ‘ഹാര കാപ്പിറ്റലിന്’ കൈമാറി. എങ്കിലും, കേസാനിയിലെ ബാക്കി ഓഹരികള്‍ റഷ്യന്‍ നിക്ഷേപ കൂട്ടായ്മയായ യു.സി.പി.യുടെ പക്കല്‍ തന്നെയാണ്.
നായാരയ്ക്ക് മേലുള്ള റഷ്യന്‍ ബന്ധം കാരണം 2025 ജൂലൈയില്‍ യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും കമ്പനിക്കെതിരെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഇത് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് തങ്ങളുടെ ഔട്ട്ലുക്ക്, ടീംസ് തുടങ്ങിയ പ്രധാന ഐടി സേവനങ്ങള്‍ റദ്ദാക്കിയതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്. ഉപരോധങ്ങള്‍ മൂലമുണ്ടായ ഐടി നിയന്ത്രണങ്ങള്‍ക്കെതിരെ നായാര ഡല്‍ഹി ഹൈക്കോടതിയില്‍ നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ട്.
