Main Banner

പ്രവാസികള്‍ക്ക് തിരിച്ചടി; യുഎഇയില്‍ ഇന്ത്യൻ പാസ്‌പോര്‍ട്ട് സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

ഡല്‍ഹി: യുഎഇയിലെ ഇന്ത്യൻ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി പാസ്‌പോർട്ട് സേവന നിരക്കുകള്‍ വർദ്ധിപ്പിച്ചു.

1 st paragraph

പുതുക്കിയ നിരക്കുകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. നിരക്കുകളില്‍ വർദ്ധനവ് വരുത്തിയതായി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോണ്‍സുലേറ്റ് ജനറലും സ്ഥിരീകരിച്ചു.

പാസ്‌പോർട്ട് വിതരണത്തിനും അനുബന്ധ സേവനങ്ങള്‍ക്കുമുള്ള പുതുക്കിയ നിരക്കുകള്‍ എംബസി, കോണ്‍സുലേറ്റ്, ഇന്ത്യൻ കോണ്‍സുലാർ ആപ്ലിക്കേഷൻ സെന്ററുകള്‍ എന്നിവടങ്ങളില്‍ ഒരേപോലെ ബാധകമായിരിക്കുമെന്ന് ഗള്‍ഫ് ന്യൂസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ജൂണ്‍ 20 ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തെ തുടർന്നാണ് നിരക്കുകള്‍ പരിഷ്കരിച്ചിരിക്കുന്നത്.

2nd paragraph

പാസ്‌പോർട്ട് (ഭേദഗതി) ചട്ടങ്ങള്‍ പ്രകാരം ആഗോളതലത്തില്‍ പാസ്‌പോർട്ട് നിരക്കുകള്‍ 75 ശതമാനം വരെയാണ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത്. യുഎഇയില്‍ താമസിക്കുന്ന ഏകദേശം 45 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളെ നിരക്ക് വർദ്ധനവ് ബാധിക്കും. യുഎഇയില്‍ വിവിധ സേവനങ്ങളുടെ ഫീസില്‍ 70 ശതമാനത്തോളമാണ് വർദ്ധനവുണ്ടായിരിക്കുന്നത്.

പുതിയ നിരക്കുകള്‍ പ്രകാരം, മുതിർന്നവർക്ക് പുതിയ പാസ്‌പോർട്ട് എടുക്കുന്നതിനും കാലാവധി കഴിഞ്ഞ് പുതുക്കുന്നതിനും സാധാരണ വിഭാഗത്തില്‍ 36 പേജുള്ള പാസ്‌പോർട്ടിന് 450 ദിർഹം നല്‍കണം. മുമ്പ് ഇത് 285 ദിർഹമായിരുന്നു. 60 പേജുള്ള പാസ്‌പോർട്ടിന്റെ നിരക്ക് 380 ദിർഹത്തില്‍ നിന്ന് 630 ദിർഹമായി ഉയർന്നു.

തത്കാല്‍ സ്കീമിന് കീഴിലുള്ള പാസ്‌പോർട്ട് ഫീസിലും വൻ വർദ്ധനവാണുണ്ടായിരിക്കുന്നത്. 36 പേജുള്ള പാസ്‌പോർട്ടിന് മുമ്പുണ്ടായിരുന്ന 855 ദിർഹത്തില്‍ നിന്ന് 900 ദിർഹമായും, 60 പേജുള്ള പാസ്‌പോർട്ടിന് 950 ദിർഹത്തില്‍ നിന്ന് 1,080 ദിർഹമായും നിരക്കുകള്‍ ഉയർന്നു.

പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതിനെ തുടർന്ന് പുതിയതിന് അപേക്ഷിക്കുകയാണെങ്കില്‍, സാധാരണ രീതിയില്‍ 36 പേജുള്ള പാസ്‌പോർട്ടിന് 900 ദിർഹവും തത്കാല്‍ സ്കീമില്‍ 1,350 ദിർഹവും ഈടാക്കും. 60 പേജുള്ള പാസ്‌പോർട്ട് മാറ്റിയെടുക്കുന്നതിന് സാധാരണ നിരക്ക് 1,080 ദിർഹവും തത്കാല്‍ നിരക്ക് 1,530 ദിർഹവും നല്‍കണം. കൂടാതെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബല്‍ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ, പാസ്‌പോർട്ട് വഴി പരിശോധന ആവശ്യമുള്ള മറ്റ് സർട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് 145 ദിർഹം വീതം ഈടാക്കുമെന്നും  റിപ്പോർട്ട് ചെയ്തു.