മൈതാനത്തെ മെസി മാജിക് നേരില്‍ കണ്ട് ഗാലറിയില്‍ ‘ലാലേട്ടനും ഫഫയും’; അര്‍ജന്‍റീന-ഇംഗ്ലണ്ട് സെമി കാണാനെത്തി താരക്കൂട്ടം

തിരുവനന്തപുരം: ഫുട്ബോള്‍ ലോകം ഒന്നടങ്കം കാത്തിരുന്ന ഫിഫ ലോകകപ്പിലെ അർജന്‍റീന-ഇംഗ്ലണ്ട് സ്വപ്ന സെമി ഫൈനല്‍ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ മലയാളത്തിന്‍റെ സ്വന്തം മോഹൻലാലും ഫഹദ് ഫാസിലും ഗാലറിയില്‍.

അറ്റ്‌ലാന്‍റയിലെ മെഴ്സിഡെസ് ബെൻസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ലിയോണല്‍ മെസിയുടെയും സംഘത്തിന്‍റെയും മാന്ത്രിക പ്രകടനം നേരില്‍ കാണാനാണ് മലയാള സിനിമയിലെ പ്രമുഖർ ഒരുമിച്ചെത്തിയത്.
മോഹൻലാലിനൊപ്പം ഫഹദ് ഫാസില്‍, പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി, നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ, ഡിസ്നി സ്റ്റാർ മുൻ മേധാവി കെ. മാധവൻ എന്നിവരും ഗാലറിയില്‍ കളി കാണാൻ ഒപ്പമുണ്ടായിരുന്നു. സ്റ്റേഡിയത്തില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഫുട്ബോള്‍ ആരാധകനായ മോഹൻലാല്‍ കഴിഞ്ഞ ദിവസം ഡാളസില്‍ നടന്ന ഫ്രാൻസ്-സ്പെയിൻ ആദ്യ സെമി ഫൈനല്‍ പോരാട്ടവും ഗാലറിയിലെത്തി കണ്ടിരുന്നു. അന്ന് ഭാര്യ സുചിത്രയ്ക്കൊപ്പമാണ് ലാലേട്ടൻ മത്സരം ആസ്വദിക്കാനെത്തിയത്. തൊട്ടുപിന്നാലെ രണ്ടാം സെമി ഫൈനലിനായി അറ്റ്‌ലാന്റയിലും ലാലേട്ടനും സംഘവും എത്തിയതോടെ മലയാള സിനിമാ പ്രേമികള്‍ക്കും കളി ആവേശം ഇരട്ടിയായിരിക്കുകയാണ്.
മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അർജന്‍റീന ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. അവസാന നിമിഷങ്ങളില്‍ നായകന്‍ ലിയോണല്‍ മെസി നടത്തിയ രണ്ട് അസിസ്റ്റുകളാണ് അർജന്‍റീനയ്ക്ക് തുണയായത്. മൈതാനത്തെ മെസി മാജിക്കിന് നേരിട്ട് സാക്ഷ്യം വഹിക്കാനായതിന്‍റെ സന്തോഷത്തിലാണ് മോഹൻലാലും ഫഹദും ഉള്‍പ്പെടെയുള്ളവര്‍ ഗ്രൗണ്ട് വിട്ടത്. ഞായറാഴ്ച നടക്കുന്ന അര്‍ജന്‍റീന-സ്പെയിൻ കലാശ പോരാട്ടം കാണാനും ലാലേട്ടനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
