നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: കോച്ചിങ് സെന്റര്‍ ഉടമ എൻടിഎ ഉദ്യോഗസ്ഥന് നല്‍കിയത് അഞ്ച് ലക്ഷം രൂപ; കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്ന് സിബിഐ

ന്യൂ ഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചാക്കേസില്‍ നിർണായക വിവരങ്ങള്‍ പുറത്തുവിട്ട് സിബിഐ. ചോദ്യപേപ്പർ തയ്യാറാക്കുന്ന നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പാനല്‍ അംഗമായ പി.വി കുല്ക്കർണിയില് നിന്ന് കെമിസ്ട്രി ചോദ്യങ്ങള്‍ കൈക്കലാക്കാൻ ലാത്തൂരിലെ കോച്ചിങ് സെന്റർ ഉടമ ശിവരാജ് രഘുനാഥ് മൊട്ടേഗാവ്കർ അഞ്ച് ലക്ഷം രൂപ നല്‍കിയതായി സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു.

പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ബുധനാഴ്ച സമർപ്പിച്ച റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
കുല്‍ക്കർണി നടത്തുന്ന കെമിസ്ട്രി ട്യൂഷൻ ക്ലാസിലാണ് ചോദ്യങ്ങള്‍ നല്‍കിയിരുന്നത്. മൊട്ടേഗാവ്കറുടെ മകനും ഈ ക്ലാസിലെ വിദ്യാർഥിയായിരുന്നു. മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയാണ് മൊട്ടേഗാവ്കർ പരീക്ഷയ്ക്ക് മുമ്പ് ചോദ്യങ്ങള്‍ കൈക്കലാക്കിയത്. ട്യൂഷൻ ക്ലാസില്‍ നിന്ന് ലഭിച്ച ചോദ്യങ്ങള്‍ മൊട്ടേഗാവ്കർ സ്വന്തം കൈപ്പടയില്‍ കുറിപ്പുകളാക്കി മാറ്റിയിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് 132 രസതന്ത്ര ചോദ്യങ്ങള്‍ അടങ്ങിയ 36 ചിത്രങ്ങള്‍ സിബിഐ കണ്ടെടുത്തു.

കണ്ടെടുത്ത ചോദ്യങ്ങളില്‍ 111 എണ്ണവും 2026 ലെ നീറ്റ് യുജി പരീക്ഷയ്ക്കായി എൻടിഎ തയ്യാറാക്കിയ മാസ്റ്റർ ചോദ്യപേപ്പറുമായി കൃത്യമായി ഒത്തുപോകുന്നതാണെന്ന് സിബിഐ കണ്ടെത്തി. മെറ്റാഡാറ്റ പരിശോധനയിലൂടെ, മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയ്ക്ക് പത്ത് ദിവസം മുമ്പാണ് ഈ ചിത്രങ്ങള്‍ ഫോണില്‍ പകർത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
കേസില്‍ ചോദ്യപ്പേപ്പർ വാങ്ങാനായി കൈമാറിയ പണം മറ്റൊരു പ്രതിയായ മനോജ് ഭഗവാൻറാവു ഷിരൂറെയുടെ സഹായത്തോടെ സിബിഐ വീണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തിട്ടുള്ളത്. നിലവില്‍ ഇവർ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് മെയ് മൂന്നിന് നടത്തിയ നീറ്റ് പരീക്ഷ മെയ് 12-ന് എൻടിഎ റദ്ദാക്കിയിരുന്നു. തുടർന്ന് ജൂണ്‍ 21-ന് വീണ്ടും പരീക്ഷ നടത്തുകയായിരുന്നു.
