5 ജോഡി ആനക്കൊമ്പുകളും 13 ശില്പങ്ങളും; മോഹൻലാലിന്റെ ആനക്കൊമ്പ് ശേഖരത്തിൽ വീണ്ടും കുരുക്ക്

നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ കൂടുതൽ സങ്കീർണ്ണമാകുന്നു. നടൻ മോഹൻലാലിൻ്റെ ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ ഉയരുകയാണ്. തന്റെ കൈവശം രണ്ട് ജോഡി ആനക്കൊമ്പുകൾ മാത്രമാണുള്ളതെന്നായിരുന്നു മുൻപ് പുറത്തുവന്ന വിവരമെങ്കിൽ, ഇപ്പോൾ അഞ്ച് ജോഡി ആനക്കൊമ്പുകൾ കൈവശമുണ്ടെന്നാണ് മോഹൻലാൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഇതിൽ മൂന്ന് ജോഡി ആനക്കൊമ്പുകളുടെ വിവരങ്ങൾ ആദ്യം എന്തിനാണ് മറച്ചുവെച്ചത് എന്ന ചോദ്യവുമായി പരാതിക്കാരുടെ അഭിഭാഷകൻ രംഗത്തെത്തി. ആദ്യഘട്ടത്തിൽ രണ്ട് ജോഡിയുടെ വിവരങ്ങൾ മാത്രം നൽകി, ബാക്കി മൂന്ന് ജോഡി മറച്ചുവെച്ചതിൽ വലിയ ദുരൂഹതയുണ്ടെന്നും ഇതിൽ കൃത്യമായ അന്വേഷണം വേണമെന്നും അഡ്വ. എബ്രഹാം പി. മീഞ്ചങ്കര ആവശ്യപ്പെട്ടു.

വനംവകുപ്പിൻ്റെ ഒറ്റത്തവണ പരാതി തീർപ്പക്കൽ പദ്ധതി പ്രകാരമാണ് കൂടുതൽ ആനക്കൊമ്പുകൾ തൻ്റെ പക്കലുണ്ടെന്ന വിവരം മോഹൻലാൽ ഇപ്പോൾ വെളിപ്പെടുത്തിയത്. ഇതോടെ ആകെ 5 ജോഡി ആനക്കൊമ്പുകളും, ആനക്കൊമ്പിൽ തീർത്ത 13 ശിൽപങ്ങളും നടൻ്റെ പക്കലുണ്ടെന്ന് വ്യക്തമായി. ഈ ആനക്കൊമ്പുകളെല്ലാം സുഹൃത്തുക്കൾ തനിക്ക് സമ്മാനമായി നൽകിയതാണെന്നാണ് മോഹൻലാൽ നൽകുന്ന വിശദീകരണം. എന്നാൽ പുതിയതായി വെളിപ്പെടുത്തിയ ഈ 3 ജോഡി ആനക്കൊമ്പുകളുടെ കൃത്യമായ വിവരങ്ങളും രേഖകളും അടിയന്തരമായി ഹാജരാക്കാൻ മലയാറ്റൂർ ഡിഎഫ്ഒ കാർത്തിക് നടന് നിർദേശം നൽകിയിട്ടുണ്ട്.
ഈ സംഭവത്തിൽ ചില പ്രധാനപ്പെട്ട നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. വനംനിയമം അനുസരിച്ച് ആനക്കൊമ്പുകൾ പാരമ്പര്യമായി കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ കൈമാറി സൂക്ഷിക്കുകയല്ലാതെ, അത് മറ്റൊരാളിൽ നിന്ന് സമ്മാനമായി സ്വീകരിക്കാൻ നിയമം അനുവദിക്കുന്നില്ല. നേരത്തെ മോഹൻലാലിന് കൈവശം സൂക്ഷിക്കാനായി 2015-ലും 2016-ലും സംസ്ഥാന സർക്കാർ നൽകിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. ഈ നിയമനടപടികൾ ഹൈക്കോടതിയിൽ മുന്നോട്ട് പോകുന്നതിനിടയിലാണ് കൂടുതൽ ആനക്കൊമ്പുകൾ കൈവശമുണ്ടെന്ന പുതിയ വെളിപ്പെടുത്തൽ വരുന്നത്. നിലവിൽ ഈ ആനക്കൊമ്പുകളുടെ പ്രാഥമിക പരിശോധന മാത്രമാണ് വനംവകുപ്പ് പൂർത്തിയാക്കിയിട്ടുള്ളത്. വരും ദിവസങ്ങളിൽ ഇവ വനംവകുപ്പ് കൃത്യമായി പരിശോധിക്കാനാണ് തീരുമാനം.

