കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

കേരള രാഷ്ട്രീയത്തിലെ അതികായന് വി എസ് അച്യുതാനന്ദന് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, അവസാന ശ്വാസം വരെ കര്‍മനിരതനായ കമ്യൂണിസ്റ്റ്- എന്നിങ്ങനെ വി.എസ് മലയാളികളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം സമാനതകളില്ലാത്തതാണ്.

പോരാട്ടമെന്ന വാക്കിന്റെ ആള്‍രൂപമായിരുന്നു വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന വി എസ് അച്യുതാനന്ദന്. ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ വി എസ് എന്ന രണ്ടക്ഷരം വെറുമൊരു പേരായിരുന്നില്ല- ചൂഷണങ്ങള്‍ക്കും അസമത്വങ്ങള്‍ക്കെതിരെയുമുള്ള ഒരു ഇടിമുഴക്കമായിരുന്നു. ഒരു വര്‍ഷം മുമ്പ് ജീവിതത്തില്‍ നിന്നും വിടവാങ്ങിയെങ്കിലും മലയാളിയുടെ മനസ്സില്‍ വിപ്ലവവീര്യത്തിന്റെ ചെങ്കനലായി വി എസ് ഇന്നും ജ്വലിച്ചുനില്ക്കുന്നു.
ആ ഒരൊറ്റ മുദ്രാവാക്യം വിളിയില്‍ പലരുടെ സങ്കടങ്ങളൊഴുകി പോയി, ആശ നശിച്ചു പോയ നൂറുനൂറു മനുഷ്യര്‍ എഴുന്നേറ്റുനിന്നു. പുന്നപ്ര വയലാറില്‍ തുടങ്ങി സൂര്യനെല്ലിയിലേയും മൂന്നാറിലേയും വന്മലകളില് തട്ടിയ ആ മുദ്രാവാക്യം പ്ലാച്ചിമടയിലെ പൊരിയുന്ന വെയിലത്തും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള പോരാട്ടത്തിലും മുഴങ്ങിക്കേട്ടു. വി.എസ് എത്തുന്നിടത്തെല്ലാം ജനം തിങ്ങിക്കൂടി.

വി എസിനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിച്ചത് സഖാവ് പി.കൃഷ്ണപിള്ളയുടെ സ്വാധീനമായിരുന്നു. തൊഴിലാളി വര്‍ഗ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഏടായ പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്നണിയില്‍ വിഎസ് അച്യുതാനന്ദന് നിന്നു. 1964ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് മുപ്പത്തിരണ്ടു പേര് ഇറങ്ങിപ്പോയപ്പോള്‍ അതിലൊരാളായി. 1980 മുതല്‍ 1992 വരെ 12 വര്‍ഷം സി പി ഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി. 1985 മുതല്‍ 2009 വരെ 24 വര്‍ഷക്കാലം പൊളിറ്റ് ബ്യൂറോ അംഗം. പാര്‍ട്ടി ജയിക്കുമ്പോള്‍ വിഎസ് തോല്‍ക്കുകയും വിഎസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിന്റെ കാലവുമുണ്ടായി വി എസ്സിന്റെ രാഷ്ട്രീയ ജീവിതത്തില്‍. പാമോലിന്‍, ലാവ്ലിന്, ഐസ്ക്രീം പാര്‍ലര്‍, ഇടമലയാര്‍ എന്നീ വിവാദ കേസുകളില്‍ ഒറ്റയ്ക്ക് പോരാടി. എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട കൊക്കോക്കോള വിരുദ്ധ സമരം എന്നിങ്ങനെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു. മതികെട്ടാന്‍മല നടന്നുകയറി. എണ്‍പത്തിരണ്ടാം വയസില്‍ കേരളമുഖ്യമന്ത്രി. അധികാരത്തിലിരിക്കുമ്പോഴും സമരമായിരുന്നു ആ ജീവിതം. അങ്ങനെ, സമരമെന്നാല്‍, കേരളത്തിന് വിഎസായി.
അവസാന ശ്വാസം വരെ കര്‍മനിരതനായിരുന്നു ആ കമ്യൂണിസ്റ്റ്. അടുത്തൊരു നൂറ്റാണ്ടിന് കൂടി കരുത്ത് പകര്‍ന്നാണ് ഒരു നൂറ്റാണ്ടോളം നീണ്ട ആ സമര്‍പ്പിത ജീവിതത്തിന് അന്ത്യമായത്. വി.എസ്സിനോളം വലിയൊരു നേതാവ് ഇനി മലയാളിക്കില്ല, ഇനി ഉണ്ടാകാനുമിടയുമില്ല.
