‘ജനങ്ങളെ കബളിപ്പിക്കാൻ ശ്രമം, PM ശ്രീ കടലിലെറിയും എന്ന് പറഞ്ഞവരടക്കം BJPക്ക് കീഴടങ്ങി’; വി ശിവൻകുട്ടി

പി എം ശ്രീ പദ്ധതി വിവാദത്തിൽ കേന്ദ്ര സർക്കാരിന്റെ മറുപടിയ്ക്ക് പിന്നാലെ വീണ്ടും രാഷ്ട്രീയവിവാദം. എൽഡിഎഫ് പറഞ്ഞത് ശരിയെന്ന് തെളിഞ്ഞെന്നും മുസ്ലിം ലീഗ് ബിജെപിക്ക് മുന്നിൽ ഭയപ്പെട്ട് കീഴടങ്ങിയെന്നും മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിമർശിച്ചു.

പഠനത്തിനായി നിയോഗിച്ച കമ്മീഷൻ പോലും കേന്ദ്രവും ബിജെപിയും തമ്മിലുള്ള പാലമായിരുന്നു. PM ശ്രീ പദ്ധതിയെ കടലിലെറിയും എന്ന് പറഞ്ഞ മുസ്ലിംലീഗിലെ നേതാക്കൾ അടക്കം ഇപ്പോൾ ബിജെപിയ്ക്ക് കീഴടങ്ങി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പിട്ടതുകൊണ്ട് പിന്നോട്ട് പോകാൻ കഴിയില്ല എന്ന വിചിത്രവാദവും യുഡിഎഫ് ഇപ്പോൾ ഉന്നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പി എം ശ്രീയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി സ്ഥിരീകരിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറാൻ ആകില്ലെന്ന് അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അടൂർ പ്രകാശിന്റെ വിശദീകരണം.

കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തണമെന്നും അതിനു വേണ്ടിയുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും നിലപാട് മാറ്റത്തിൽ വിശദീകരണത്തിൽ വിശദീകരണമായി അടൂർ പ്രകാശ് പറഞ്ഞു. പിഎം ശ്രീയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന വിവരം മുമ്പേ പുറത്തു വന്നിരുന്നു.
