പുതുയുഗ കേരളത്തിനായി നൂറുദിന കര്‍മ്മ പദ്ധതി: മലപ്പുറം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി പി.കെ ബഷീര്‍ അവലോകനം നടത്തി

മലപ്പുറം: പുതുയുഗ കേരളത്തിനായുള്ള സംസഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍ ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനം നടത്തി. സംസ്ഥാന സര്‍ക്കാര്‍ പുതുയുഗ കേരളത്തിനായി ആവിഷ്‌കരിച്ച നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. 50 വകുപ്പുകളിലായി 602 പദ്ധതികളാണ് നടപ്പാക്കുന്നത്.

തൊഴില്‍, വരുമാനം എന്നിവ ഉറപ്പുവരുത്തുന്നതിനായി 479 ഉപജീവനമാര്‍ഗ്ഗ പദ്ധതികളും പശ്ചാത്തല വികസനത്തിനായി 123 പദ്ധതികളുമാണ് നടപ്പാക്കുന്നത്. കൃഷി അനുബന്ധ മേഖലയില്‍ 95 പദ്ധതികളും 187 ഘടകങ്ങളും സഹകരണ മേഖലയില്‍ എട്ട് പദ്ധതികളും 16 ഘടകങ്ങളും ജലവിഭവ ജലസേചന മേഖലയില്‍ 23 പദ്ധതികളും 44 ഘടകങ്ങളും ഊര്‍ജ്ജ മേഖലയില്‍ ഏഴ് പദ്ധതികളും 15 ഘടകങ്ങളും വ്യവസായ സംരംഭക മേഖലയില്‍ 65 പദ്ധതികളും 167 ഘടകങ്ങളും ഗതാഗതം- പൊതു മേഖലയിലായി 82 പദ്ധതികളും 172 ഘടകങ്ങളും ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖലകളിലായി 12 പദ്ധതികളും പുരോഗമിക്കുന്നുണ്ട്.
സാമൂഹിക സേവന മേഖലയില്‍ 185, സാമ്പത്തിക സേവന മേഖലയില്‍ 46, പൊതു സേവന മേഖലയില്‍ 59, തദ്ദേശ സ്വയംഭരണ മേഖലയില്‍ 20 പദ്ധതികളുമാണ് നൂറു ദിവസം കൊണ്ട് പൂര്‍ത്തിയാവുന്നത്. ജില്ലയിലെ അന്‍പതോളം വകുപ്പുകളുടെ പുരോഗതി അവലോകനം ചെയ്തു. നൂറു ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 4600 ഭൂമി തരം മാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കാനാണ് ലക്ഷ്യമിട്ടിയിരുന്നത.് ഇതില്‍ 3700 അപേക്ഷകള്‍ ഇതിനകം തന്നെ തീര്‍പ്പാക്കി. 2057 പട്ടയങ്ങള്‍ നല്‍കാനുള്ളതില്‍ 1057 പട്ടയങ്ങള്‍ നല്‍കി. ബാക്കിയുള്ളവയില്‍ ഹിയറിങ് നടക്കുന്നുണ്ട്. ഡിജിറ്റല്‍ സര്‍വേ സംബന്ധിച്ച 4700 പരാതികളില്‍ 300 എണ്ണം തീര്‍പ്പാക്കി. ഭൂമിയുടെ ന്യായവില സംബന്ധിച്ച് 250 പരാതികളില്‍ 59 എണ്ണവും തീര്‍പ്പാക്കി. 100 ദിനത്തിന്റെ ഭാഗമായി നാല് വില്ലേജുകള്‍ മാര്‍ട്ട് വില്ലേജ് ആക്കാനാണ് ലക്ഷ്യമിട്ടിയിരുന്നത്. എന്നാല്‍ 7 സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മ്മാണം പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. 6 സ്മാര്‍ട്ട് വില്ലേജുകളുടെ ഉദ്ഘാടനം നൂറ്് ദിനത്തിന്റെ ഭാഗമായി നടത്തും. സ്‌കൂളുകളിലേക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നതിനും വാഹനങ്ങള്‍ വാങ്ങുന്നതിനും എം.എല്‍.എമാര്‍ അനുവദിക്കുന്ന ഫണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് അവ വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വനത്തിനകത്ത് സ്വകാര്യ ഭൂമിയില്‍ താമസിക്കുന്നവരുടെ പുനരധിവാസത്തിനായി നടപ്പാക്കിയ പദ്ധതിയില്‍ സാമ്പത്തിക സാഹായത്തിന്റെ രണ്ട്, മൂന്ന് ഗഡുക്കള്‍ ഉടന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. എടവണ്ണ ഹാച്ചറിയുടെ നിര്‍മ്മാണത്തിനുള്ള സാങ്കേതിക തടസ്സങ്ങള്‍ നീക്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ജില്ലയുടെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളും മുന്‍കൈയെടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പ്രത്യേകിച്ച് കൃഷി, ടൂറിസം, പൊതുമരാമത്ത്, വിദ്യാഭ്യാസം, റവന്യൂ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും കാലാനുസൃതവും നൂതനവുമായ പദ്ധതികള്‍ സമര്‍പ്പിച്ച് ഭരണ സാങ്കേതിക അനുമതികള്‍ നേടി നടപ്പാക്കണം. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിക്കുന്നത് അതുപോലെ വിശ്വസിക്കുന്നതിന് പകരം ഫീല്‍ഡില്‍ സന്ദര്‍ശനം നടത്തി യാഥാര്‍ത്ഥ്യം മനസ്സിലാക്കി വേണം തുടര്‍ നടപടി സ്വീകരിക്കാന്‍. 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി റവന്യൂ വകുപ്പിന് നിശ്ചയിച്ച പദ്ധതികളില്‍ 70 ശതമാനവും പൂര്‍ത്തിയാക്കിയതിന് റവന്യൂ വകുപ്പിനെ മന്ത്രി അഭിനന്ദിച്ചു.

ഓഗസ്റ്റ് 26 മുതല്‍ 30 വരെ ജില്ലാ ആസ്ഥാനത്ത് വിപുലമായ ഓണാഘോഷ പരിപാടികള്‍ നടത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, എ.ഡി.എം സാദിഖ് പി.ഒ, തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ.കൈനിക്കര, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
