മെസ്സിയുടെ പേരിൽ നടത്തിയ GST തട്ടിപ്പ്: SIT പ്രാഥമിക റിപ്പോർട്ട് ഉടൻ; കായികവകുപ്പിന്റെ റിപ്പോർട്ടിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി

ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ GST തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക റിപ്പോർട്ട് നൽകും. ജി എസ് ടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് എസ് ഐ ടിയുടെ പ്രാഥമിക നിഗമനം. സ്പോൺസറെ തീരുമാനിച്ചത് മുതൽ ഫണ്ട് വരെ അന്വേഷണ പരിധിയിൽ വരുമെന്ന് കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ് വ്യക്തമാക്കി.

സ്പോൺസർക്ക് സമൻസ് നൽകി ശേഷം ഏഴ് മാസത്തോളം തുടർനടപടി സ്വീകരിച്ചില്ലെന്നാണ് കണ്ടെത്തൽ. കോടികളുടെ നികുതി വെട്ടിപ്പ് ഗൗരവമായി പരിഗണിച്ചില്ലെന്നും കണ്ടെത്തലുണ്ട് . നിലവിൽ സംശയത്തിലുള്ള മൂന്ന് ഉദ്യോഗസ്ഥരിൽ ഒതുങ്ങാതെ അന്വേഷണം കൂടുതൽ പേരിലേക്ക് നീളാനും സാധ്യതകൾ ഏറുകയാണ്. അതേസമയം സംഭവത്തിൽ കായികവകുപ്പിന്റെ റിപ്പോർട്ടിന്മേൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി ഒ ജെ ജെനീഷ് വ്യക്തമാക്കി.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപ നികുതി അടയ്ക്കാത്തതിലാണ് നിലവിലെ അന്വേഷണം. ജി എസ് ടി നിയോഗിച്ച അഞ്ചംഗ പ്രത്യേക സംഘം കാഞ്ഞങ്ങാട് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. കാഞ്ഞങ്ങാട് ജി എസ് ടി ഉദ്യോഗസ്ഥരാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നോട്ടീസ് നൽകിയിട്ടും തുടർനടപടി സ്വീകരിക്കാതിരുന്നതിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിനുപുറമെ സമഗ്ര അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. വിജിലൻസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.

