സ്വർണക്കടത്ത്: എല്ലാ പ്രതികളിലും തീവ്രവാദത്തിന് തെളിവില്ലെന്ന് കോടതി;


കൊച്ചി:സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ പ്രതികൾ എല്ലാവരും രാജ്യത്തിന്റെ സാമ്പത്തികസുരക്ഷ തകർക്കാനുള്ള ശ്രമമാണ്‌ നടത്തിയതെന്നു കരുതാനാകില്ലെന്ന് എൻ.ഐ.എ. കോടതി. എല്ലാ പ്രതികളിലും ഭീകരബന്ധം സ്ഥാപിക്കാനുള്ള വസ്തുതകൾ കേസ് ഡയറിയിൽ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
10 പ്രതികൾക്ക് എൻ.ഐ.എ. കോടതി ജാമ്യം നൽകി. ഭീകരബന്ധം ആരോപിക്കപ്പെടുന്ന കേസിൽ നേരിട്ടു പങ്കെടുത്തതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ ഏഴാംപ്രതി മുഹമ്മദ് ഷാഫി, 12-ാം പ്രതി മുഹമ്മദ് അലി, 13-ാം പ്രതി കെ.ടി. ഷറഫുദീൻ എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. ഒന്നും രണ്ടും പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവർ ജാമ്യാപേക്ഷ പിൻവലിച്ചു.
എട്ടാം പ്രതി സെയ്തലവി, ഒൻപതാം പ്രതി പി.ടി. അബ്ദു, 11-ാം പ്രതി മുഹമ്മദ്അലി ഇബ്രാഹിം, 14-ാം പ്രതി മുഹമ്മദ് ഷഫീഖ്, 16-ാം പ്രതി മുഹമ്മദ് അൻവർ, 19-ാം പ്രതി കെ. ഹംജദ് അലി, 21-ാം പ്രതി സി.ബി. ജിഫ്‌സൽ, 22-ാം പ്രതി അബൂബക്കർ, 23-ാം പ്രതി മുഹമ്മദ് അബ്ദുൽ ഷമീം, 24-ാം പ്രതി അബ്ദുൽ ഹമീദ് എന്നിവർക്കാണു കർശന വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചത്. 10 ലക്ഷത്തിന്റെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാൾജാമ്യത്തിലുമാണ് ജാമ്യം.
പ്രതികൾ സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചതിന് തെളിവുണ്ട്. എന്നാൽ, ഇതു തീവ്രവാദ ശക്തികളിൽനിന്ന് എത്തിയതാണെന്നതിന് തെളിവില്ല. കടത്തിയ സ്വർണത്തിൽ നിന്നുകിട്ടിയ പണം ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതിന്റെ തെളിവുമില്ല. എന്നാൽ, അന്വേഷണ ഏജൻസി ശരിയായ ദിശയിലാണ് പ്രവർത്തിക്കുന്നതെന്ന്‌ കോടതി പറഞ്ഞു.