‘ചൂടില്‍’ വലഞ്ഞ് ഗ്രീസ്മാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി മേജര്‍ ലീഗ് സോക്കറില്‍ നിന്നുള്ള വീഡിയോ

മേജര്‍ ലീഗ് സോക്കറിലെ തന്റെ ആദ്യ സീസണില്‍ തന്നെ ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന്റെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് ഗ്രീസ്മാന്റെ ഒര്‍ലാന്റോ സിറ്റിയും സാന്‍ ഡീഗോ എഫ് സിയും തമ്മിലുള്ള മത്സരത്തിനിടെയുള്ള ദൃശ്യമാണ് ഇപ്പോള്‍ സോഷ്യമീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഗ്രീസ്മാന് അടിച്ച ഏക ഗോളിന് സിറ്റി വിജയിച്ച മത്സരത്തില്‍ ഫ്ളോറിഡയിലെ മൈതാനത്തെ കാലാവസ്ഥയില്‍ തളര്‍ന്നുപോകുന്ന താരത്തിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ‘ഫ്ളോറിഡയുടെ ക്രൂരമായ ചൂട്’ എന്ന തലക്കെട്ടോടെ സംഭവം ചര്‍ച്ചാ വിഷയമായി. 95 ഡിഗ്രി ഫാരന്ഹീഡിന് അടുത്തെത്തുന്ന താപനിലയാണ് ഫ്ളോറിഡയിലേതെന്നാണ് വിവരം. ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന് വാട്ടര്‍ ബ്രേക്കിനിടെ സഹതാരങ്ങളോടും കോച്ചിനോടും സംസാരിച്ച് നില്ക്കുമ്പോള് അദ്ദേഹത്തിന്റെ ഷീണിച്ച മുഖത്തിന്റെ ക്ലോസ് അപ് ഷോട്ടുകളിലാണ് ക്ഷീണിതനായി കാണപ്പെടുന്നത്. ചൂട് കാരണം വിയര്‍പ്പ് ഒപ്പിയെടുക്കാനായി തലയിലും കഴുത്തിലും തുവാല ചുറ്റിയാണ് മുന്‍ ഫ്രഞ്ച് ലോക കപ്പ് ജേതാവ് നില്‍ക്കുന്നത്.

‘തന്റെ ജീവനുവേണ്ടി പോരാടുന്നതുപോലെ’ കാണുന്നുവെന്ന് മുന്‍ ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് താരത്തെ ആരാധകര്‍ തമാശയായി ട്രോളിയതോടെ ഗ്രീസ്മാന്റെ തളര്‍ന്ന ഭാവം ഓണ്‍ലൈനില്‍ ഒരു സംസാര വിഷയമായി മാറി. 90 മിനിറ്റിലെ കളിയില്‍ അനിവാര്യമായി ഇടവേളകള്‍ ആവശ്യമാണെന്നാണ് സോക്കര്‍ ആരാധകരില്‍ പലരും അഭിപ്രായപ്പെടുന്നത്. പ്രധാനമായും അമേരിക്കയും ഒപ്പം മെക്സിക്കോയും കാനഡയും ആതിഥ്യമരുളിയ ഇക്കഴിഞ്ഞ ഫിഫ ലോക കപ്പില്‍ ഓരോ പകുതിയിലും വെള്ളം കുടിക്കുന്നതിനുള്ള ഇടവേളകള്‍ നിര്‍ബന്ധമാക്കിയിരുന്നു. അതേ സമയം ദുഷ്കരമായ കാലാവസ്ഥയിലും ഗ്രീസ്മാന് തനതുശൈലിയില്‍ തന്നെ മത്സരം തുടര്‍ന്നു. തന്റെ ആദ്യ എംഎല്‍എസില്‍ ഇതുവരെ നടന്ന എട്ട് മത്സരങ്ങളില്‍ നിന്നായി അഞ്ച് ഗോളുകളാണ് അദ്ദേഹം നേടിയത്. അവസാന മത്സരത്തിലെ ഏകഗോള്‍ വിജയത്തോടെ ഒര്‍ലാന്‍ഡോ സിറ്റിക്ക് മൂന്ന് പോയിന്റുകളാണ് ഗ്രീസ്മാന് വഴി ലഭിച്ചത്.
