ബിൻ ലാദൻ ലക്ഷ്യമിട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; സിഐഎ രേഖകൾ പുറത്ത്

വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് മുൻപ് അൽ-ഖായിദ നേതാവ് ഒസാമ ബിൻ ലാദൻ ലക്ഷ്യമിട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉണ്ടായിരുന്നതായി റിപ്പോർട്ട്. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിൽ യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി(സിഐഎ) പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യമുള്ളതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊടുംഭീകരനായ ഉസാമ ബിൻ ലാദനുമായി ബന്ധപ്പെട്ടുള്ള എഴുപതോളം പ്രസിഡൻഷ്യൽ ഇന്റലിജൻസ് ബ്രീഫുകളാണ് സിഐഎ കഴിഞ്ഞദിവസം പുറത്തുവിട്ടത്. വിവിധ കാലങ്ങളിൽ ഉസാമ ബിൻ ലാദനെക്കുറിച്ചും അൽ-ഖായിദയെക്കുറിച്ചും സിഐഎ യുഎസ് പ്രസിഡന്റുമാർക്ക് നൽകിയ ഇന്റലിജൻസ് വിവരങ്ങളാണ് നൂറിലേറെ പേജുകളിലായുള്ളത്. ഇതിൽ 1998 ഓഗസ്റ്റ് 28ന് നൽകിയ ബ്രീഫിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ബിൻ ലാദൻ ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായുള്ള പരാമർശമുള്ളത്. ബിൻലാദന്റെ ഭീകരശൃംഖല ഇപ്പോഴും ഭീഷണിയാണെന്ന തലക്കെട്ടിലുള്ള രേഖയിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും ബിൻ ലാദന്റെ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നതായും രേഖകളിൽ പറയുന്നു. അതേസമയം, ഇന്ത്യയിൽ എവിടെ, എപ്പോൾ, എങ്ങനെയാണ് ബിൻലാദൻ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്ന് രേഖകളിൽ വ്യക്തമാക്കുന്നില്ല.
അഫ്ഗാനിസ്ഥാനിലെ യുഎസ് ആക്രമണങ്ങളെ ബിൻ ലാദനും മറ്റു ഭീകരനേതാക്കളും അതിജീവിച്ചതായും അവരുടെ ആശയവിനിമയ ശൃംഖല ഇപ്പോഴും ശക്തമായി തുടരുന്നതായും സിഐഎയുടെ അന്നത്തെ രേഖകളിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അഫ്ഗാനിലെ ചില ഭീകരക്യാമ്പുകളിൽ പരിശീലനം പുനഃരാരംഭിച്ചതായും ചില ക്യാമ്പുകൾ മറ്റിടങ്ങളിലേക്ക് മാറ്റിയതായും അന്ന് സിഐഎ നൽകിയ വിവരങ്ങളിൽ പറയുന്നു. വടക്കേ അമേരിക്കയിലും യൂറോപ്പിലും കിഴക്കൻ ഏഷ്യയിലും ബിൻ ലാദനും സംഘത്തിനും ശക്തമായ ശൃംഖലയുണ്ടെന്നും സിഐഎയുടെ രേഖകളിലുണ്ട്.

1998 മുതൽ 2001 വരെയുള്ള കാലയളവിൽ അന്നത്തെ യുഎസ് പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ഡബ്ല്യൂ ബുഷ് എന്നിവർക്ക് സിഐഎ നൽകിയ ഇന്റലിജൻസ് വിവരങ്ങളാണ് കഴിഞ്ഞദിവസം സിഐഎ പുറത്തുവിട്ടത്. അമേരിക്കയ്ക്ക് നേരേ ഭീകരാക്രമണമുണ്ടാകുമെന്ന് സിഐഎ കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണിത്.
2001 സെപ്റ്റംബർ 11-ലാണ് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിന് നേരേ ഭീകരാക്രമണമുണ്ടായത്. നാല് വിമാനങ്ങൾ റാഞ്ചിയ അൽ-ഖായിദ ഭീകരർ ഇതിൽ രണ്ട് വിമാനങ്ങൾ വേൾഡ് ട്രേഡ് സെന്ററിന് നേരേ ഇടിച്ചുകയറ്റുകയായിരുന്നു.
