വെളിയങ്കോട് സുനാമി മോക് ഡ്രില്‍ സെപ്റ്റംബര്‍ 16 ന്

സുനാമി മൂലം ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടം ഇല്ലാതാക്കുക, ദുരന്ത നിവാരണ സാധ്യതകള്‍ പൊതുജനങ്ങളെ ബോധവത്ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിക്കുന്ന സുനാമി മോക് ഡ്രില്‍ സെപ്റ്റംബര്‍ 16 ന് (ബുധന്‍) വെളിയംകോട് പഞ്ചായത്തില്‍ 18-ാം വാര്‍ഡിലെ തണ്ണിത്തുറ സെന്ററില്‍ നടക്കും. തീരശോഷണം നേരിടുന്ന മേഖലയായതിനാലാണ് വെളിയംകോട് തീരഭാഗം സുനാമി മോക് ഡ്രില്ലിനായി തെരഞ്ഞെടുത്തത്. പൊന്നാനി ഫിഷറീസ് എല്‍. പി.സ്‌കൂളാണ് അസംബ്ലി പോയിന്റ്. ഇന്‍സിഡന്റ് കമാന്‍ഡ്മെന്റ് സംവിധാനം പൊന്നാനി താലൂക്ക് എമര്‍ജന്‍സി ഓപറേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കും.

ദുരന്തനിവാരണ വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്സ്, ആരോഗ്യം, ഫിഷറീസ്, കോസ്റ്റ് ഗാര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസം, തുടങ്ങിയ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് താലൂക്ക് തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രതിനിധികള്‍, സിവില്‍ ഡിഫന്‍സ്, ആപ്ത മിത്ര, ആശ, കുടുംബശ്രീ, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ മുന്നോടിയായി ടേബിള്‍ ടോപ് എക്‌സര്‍സൈസ്, പൊതുജനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കുമായി ബോധവത്ക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചിരുന്നു.
യുനെസ്‌കോയുടെ നിയന്ത്രണത്തിലുള്ള ഇന്റര്‍നാഷണല്‍ ഓഷ്യനോഗ്രാഫിക് കമ്മീഷന്റെ സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട തീരപ്രദേശങ്ങളിലാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.

