ഹോർമുസിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്; ഇറാനെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച് US

ഹോർമുസ് കടലിടുക്കിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഇറാൻ അംഗീകരിക്കാത്ത ജലപാതകളിലൂടെ സഞ്ചരിച്ച എണ്ണക്കപ്പലുകൾ പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന കടൽ മൈനുകളിൽ ഇടിച്ചിരിക്കാമെന്ന് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതിനിടെ ഇറാനെതിരെ യുഎസ് ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ഇറാനുമായി അമേരിക്ക ഫലപ്രദമായ ചർച്ചകൾ നടത്തുന്നുണ്ടെന്നും നവംബറിൽ നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ മറ്റൊരു ആക്രമണം നടത്തില്ലെന്നും ട്രംപ് വ്യക്തമാക്കി.

27 കമ്പനികളെയും ആറ് വ്യക്തികളെയും 22 കപ്പലുകളെയും പുതുതായി ഉപരോധ പട്ടികയിൽ ചേർത്തു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട യുഎസ് നിർദ്ദേശത്തിന് ഉടൻ മറുപടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. നീണ്ടുനിൽക്കുന്ന യുദ്ധത്തിന് രാജ്യം തയാറാണെന്നും ആയുധ ഉൽപാദന ശേഷി പര്യാപ്തമാണെന്നും ഇറാനിയൻ പ്രതിരോധ മന്ത്രാലയ വക്താവ് റെസ തലെയ്-നിക് പറഞ്ഞു. ആയുധ ഉൽപ്പാദനം 2.5 മടങ്ങ് വർദ്ധിപ്പിച്ചു, ആയുധ ഉൽപ്പാദനം ഒരു ദിവസം പോലും നിർത്തിയിട്ടില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
ഇറാൻ യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കുകയോ യുറേനിയം കൈമാറുകയോ ചെയ്യില്ലെന്ന് ഇറാന്റെ ആണവോർജ്ജ സംഘടനയുടെ തലവൻ മുഹമ്മദ് എസ്ലാമി അറിയിച്ചു. യുറേനിയം സമ്പുഷ്ടീകരണം രാജ്യത്തിന്റെ ആണവ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണെന്നും മുഹമദ് എസ്ലാമി പറഞ്ഞു. ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ റഷ്യ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കി. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുള്ള കൂടിക്കാഴ്ചയിലാണ് പുടിൻ്റെ വാഗ്ദാനം.

