സെന്‍സസ് രണ്ടാം ഘട്ടം: ഉദ്യോഗസ്ഥരുടെ പരിശീലനം ആരംഭിച്ചു

ഭാരത സെന്‍സസ് 2027-ന്റെ രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പുമായി (പോപ്പുലേഷന്‍ എന്യൂമറേഷന്) ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടിക്ക് മലപ്പുറത്ത് തുടക്കമായി. പ്ലാനിങ് സെക്രട്ടറിയേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടറും ജില്ലാ സെന്‍സസ് ഓഫീസറുമായ ഡോ. വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു.

ഒക്ടോബര്‍ 12 മുതല്‍ 15 വരെ നാല് ദിവസങ്ങളിലായി രണ്ട് ബാച്ചുകളായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 12, 13 തീയതികളില്‍ ആദ്യ ബാച്ചിന്റെയും 14, 15 തീയതികളില്‍ രണ്ടാം ബാച്ചിന്റെയും പരിശീലനം നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ നടക്കുന്ന പരിപാടിയില്‍ രണ്ട് ബാച്ചുകളിലായി ആകെ 78 ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
2027 ഫെബ്രുവരി ഒന്‍പതു മുതല്‍ 28 വരെയാണ് ജനസംഖ്യ കണക്കെടുപ്പിനായി ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുന്നത്. 2027 ഫെബ്രുവരി 28 അര്‍ധരാത്രി 12 മണി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യ വിവര ശേഖരണമാണ് പ്രസിദ്ധീകരിക്കുന്നത്.

ഡയറക്ടറേറ്റ് ഓഫ് സെന്‍സസ് ഓപ്പറേഷന്‍സിലെ ജംഷീര്‍ ചെറുകാട്, ഷഹ്ന കാരാടന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ചടങ്ങില്‍ എ.ഡി.എം. പി.ഒ. സാദിഖ്, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്‍, ജില്ലാ ചാര്ജ്ജ്തല സെന്‍സസ് ഉദ്യോഗസ്ഥര്‍, ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍, ക്ലറിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
