Main Banner

മലപ്പുറത്ത് മയക്കു മരുന്നുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അടക്കം നാലുപേർ പിടിയിൽ

മലപ്പുറം: ലഹരിക്കെതിരെയുള്ള പോലീസിന്റെ പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി മലപ്പുറത്ത് വൻ രാസലഹരി വേട്ട. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും എം.ഡി.എം.എ. വിൽപന നടത്തുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേരെ പോലീസ് പിടികൂടി.

1 st paragraph

​മലപ്പുറം ഹാജിയാർ പള്ളി സ്വദേശി അനസ് (24), മങ്കട കർക്കിടകം സ്വദേശി തോണ്ടിപുലാൻ ഷബീർ ടി.പി. (29), വേങ്ങര കൂരിയാട് സ്വദേശി കുന്നത്തീരി സജാദ് (21), കൂട്ടിലങ്ങാടി സ്വദേശി കൂട്ടപ്പിലാൻ മിനു ജാസ്മിൻ (23) എന്നിവരാണ് അറസ്റ്റിലായത്.

​മലപ്പുറം കിഴക്കേത്തല-വേങ്ങര റോഡിലെ അക്ഷയ സെന്ററിന് സമീപം വെച്ചാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഇവരെ കാർ സഹിതം വളഞ്ഞുപിടിച്ചത്. മലപ്പുറം, വേങ്ങര, മങ്കട തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരി ഇടപാടുകൾ നടന്നിരുന്നത്.

2nd paragraph

​പ്രതികളിൽനിന്ന് ചില്ലറ വിപണിയിൽ അരലക്ഷത്തോളം രൂപ വിലമതിക്കുന്ന 10.5 ഗ്രാം എം.ഡി.എം.എ., ലഹരി കുത്തിവെക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ്, സിപ്പ് ലോക്ക് കവറുകൾ, ലഹരി വിൽപനയിലൂടെ ലഭിച്ച കാൽ ലക്ഷത്തോളം രൂപ, കടത്തിന് ഉപയോഗിച്ച കാർ എന്നിവ പോലീസ് പിടിച്ചെടുത്തു. പിടിയിലായ അനസ്, ഷബീർ, സജാദ് എന്നിവർക്കെതിരെ മുൻപും വിവിധ സ്റ്റേഷനുകളിൽ ലഹരി വിൽപനയ്ക്കും ഉപയോഗത്തിനും കേസുകൾ നിലവിലുണ്ട്.

​ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ മലപ്പുറം ഡിവൈ.എസ്.പി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. മലപ്പുറം പോലീസ് ഇൻസ്പെക്ടർ ഷാജിമോൻ ബി., സബ് ഇൻസ്പെക്ടർ സനൽ, എ.എസ്.ഐ. സുഷമ, സിവിൽ പോലീസ് ഓഫീസർമാരായ ബി.എൻ. അബ്ദുള്ള, ബാബു, ബാലകൃഷ്ണൻ, ആഷിഖ് എന്നിവരും മലപ്പുറം ഡാൻസാഫ് (DANSAF) ടീമിലെ ദിനേഷ് ഇരുപ്പക്കണ്ടൻ, രഞ്ജിത്ത് രാജേന്ദ്രൻ, പി. മുഹമ്മദ് സലീം, കെ.കെ. ജസീർ, വി.പി. ബിജു എന്നിവരുമാണ് പ്രതികളെ വലയിലാക്കിയത്. മഞ്ചേരി പോലീസ് ഇൻസ്പെക്ടർ മനോജിന്റെ സാന്നിധ്യത്തിലാണ് പ്രതികളുടെ ദേഹപരിശോധന നടത്തിയത്. ലഹരിയുടെ ഉറവിടത്തെക്കുറിച്ചും ശൃംഖലയെക്കുറിച്ചും അന്വേഷണം കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.