തിരൂർ ആർ.ടി.ഒ ഓഫീസിൽ ഉദ്യോഗസ്ഥ പ്രതിസന്ധി; പുതുതായി നിയമിച്ച എംവിഐയെയും സ്ഥലം മാറ്റി

തിരൂർ: ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകരുടെ മാസങ്ങൾ നീളുന്ന കാത്തിരിപ്പിന് പരിഹാരമായി തിരൂർ സബ് ആർ.ടി.ഒ ഓഫീസിലേക്ക് സർക്കാർ നിയോഗിച്ച രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരിൽ ഒരാളെ ഗുരുവായൂരിലേക്ക് മാറ്റി. തൃശൂർ ഡി.ടി.സി ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഈ മാസം 19-ന് ഗുരുവായൂരിൽ ജോലിയിൽ പ്രവേശിക്കാനാണ് ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്.

ലൈസൻസ് അപേക്ഷകൾ കെട്ടിക്കിടക്കുകയും ടെസ്റ്റിനും മറ്റ് നടപടികൾക്കുമായി അപേക്ഷകർ മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം നിലനിൽക്കുകയും ചെയ്തതോടെയാണ് തിരൂരിലേക്ക് രണ്ട് എംവിഐമാരെ സർക്കാർ നിയോഗിച്ചത്. എന്നാൽ ഇവരുടെ സേവനം ലഭ്യമായി ഒരു മാസം പിന്നിടുമ്പോഴേക്കും ഒരാളെ മറ്റൊരു ഓഫീസിലേക്ക് മാറ്റിയതോടെ തിരൂരിലെ ലൈസൻസ് നടപടികൾ വീണ്ടും പ്രതിസന്ധിയിലാകുമോ എന്ന ആശങ്ക ഉയരുകയാണ്.
നിലവിൽ തന്നെ അപേക്ഷകളുടെ വർധനവും ഉദ്യോഗസ്ഥരുടെ കുറവും കാരണം പ്രയാസം നേരിടുന്ന തിരൂർ സബ് ആർ.ടി.ഒ ഓഫീസിൽനിന്ന് ഒരു എംവിഐ കൂടി മാറുന്നതോടെ അപേക്ഷകരുടെ കാത്തിരിപ്പ് വീണ്ടും നീളാനുള്ള സാധ്യതയുണ്ട്.

ലൈസൻസ് അപേക്ഷകരുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി തിരൂരിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിലനിർത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
