Main Banner

ബൈബിള്‍ പ്രമേയമാകുന്ന വി ഡി സതീശന്റെ പുസ്തകം പരിഭാഷപ്പെടുത്തി മുസ്ലീം എഴുത്തുകാരി; എല്ലാ വിശ്വാസങ്ങളേയും ആഴത്തിലറിയാന്‍ ശ്രമിക്കുന്ന മലയാളി പൊളിയെന്ന് സോഷ്യല്‍ മീഡിയ

ബൈബിളിനെ അടിസ്ഥാനമാക്കി വി ഡി സതീശന്‍ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമായ ‘ആദം നീ എവിടെയാകുന്നു’ എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി കണ്ണൂര്‍ സ്വദേശി. എഴുത്തുകാരിയും വിവര്‍ത്തകയും അധ്യാപികയുമായ റൗഫ് റൂമിയാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്. ആദം വെയര്‍ ആര്‍ട്ട് തൗ? എന്ന പേരിലാണ് ഇംഗ്ലീഷ് വിവര്‍ത്തനം. ഹിന്ദുമത വിശ്വാസിയായ ഒരു രാഷ്ട്രീയ നേതാവ് ക്രിസ്തീയ മതത്തെ ആഴത്തിലറിയാന്‍ നടത്തിയ ശ്രമങ്ങളുടെ സാക്ഷ്യമായ ഒരു പുസ്തകം ഇസ്ലാംമത വിശ്വാസിയായ ഒരു യുവതി പരിഭാഷപ്പെടുത്തുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് ദേശീയ തലത്തില്‍ തന്നെ ഈ പുസ്തകം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

1 st paragraph

മറ്റ് മതങ്ങളെ അറിയാനും ബഹുമാനിക്കാനും നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയും കൈയടി നല്‍കുകയാണ്. താനൊരു ഇസ്ലാം മതവിശ്വാസിയാണെന്നും എല്ലാ മതങ്ങളേയും ബഹുമാനിക്കാനാണ് തന്നെ തന്റെ വിശ്വാസം പഠിപ്പിക്കുന്നതെന്നും പിടിഐയ്ക്ക് അനുവദിച്ച പ്രതികരണത്തില്‍ റൂമി പറഞ്ഞു. ഈ പുസ്തകത്തില്‍ പറയുന്ന ക്രിസ്തീയ വിശ്വാസങ്ങളും ആശയങ്ങളും തന്നെ സ്പര്‍ശിച്ചുവെന്നും ഇവര്‍ പറഞ്ഞു. ഈ പുസ്തകം തന്നെ സംബന്ധിച്ച് ക്രിസ്ത്യന്‍ വിശ്വാസത്തേയും ബൈബിളിനേയും കൂടുതല്‍ അറിയാനുള്ള ഒരു അവസരമായിരുന്നുവെന്നും റൂമി കൂട്ടിച്ചേര്‍ത്തു.

നവംബര്‍ അഞ്ചിന് ഡി സി ബുക്‌സാണ് ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കിയത്. ക്രിസ്തീയമായ അറിവുകളെ ബഹുമാനിക്കുന്ന ഒരു ഹിന്ദുവിനെ താന്‍ ആ പുസ്തകത്തില്‍ കണ്ടെന്നും അതുപോലെ തന്നെ മറ്റൊരു മതത്തില്‍പ്പെട്ട താനും അത് മനസിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും റൂമി പറഞ്ഞു. ഒരു മതം പഠിപ്പിക്കുന്ന മൂല്യങ്ങളും പാഠങ്ങളും മനസിലാക്കാന്‍ ശ്രമിക്കാന്‍ അതേ മതത്തില്‍ തന്നെ വിശ്വസിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ക്രിസ്ത്യന്‍ മതത്തെക്കുറിച്ച് പ്രസംഗിക്കുന്നു, അത് ഒരു മുസ്ലീം യുവതി പരിഭാഷപ്പെടുത്തുന്നു കേരളത്തില്‍ ഇതെല്ലാം സാധ്യമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശനും പ്രതികരിച്ചു.

2nd paragraph