വെള്ളിയാഴ്ച രാത്രിമുതൽ ഞായറാഴ്ച രാത്രിവരെ കുറ്റിപ്പുറം റോഡ് പൂർണമായി അടച്ചിടും.

എടപ്പാൾ: മേൽപ്പാലം പണിയുടെ ഭാഗമായി കുറ്റിപ്പുറം റോഡിൽ നിർമിച്ചുവെച്ച വലിയ ബീമുകൾ മുകളിലേക്കു കയറ്റുന്നതിനാൽ വെള്ളിയാഴ്ച രാത്രിമുതൽ ഞായറാഴ്ച രാത്രിവരെ കുറ്റിപ്പുറം റോഡ് പൂർണമായി അടച്ചിടും. കുറ്റിപ്പുറം റോഡ് പൂർണമായി അടച്ചശേഷം ഇവിടെ കൂറ്റൻ ക്രെയിൻ നിർത്തിയാണ് മൂന്ന് ബീമുകൾ തൂണുകളിലേക്കു കയറ്റിവെക്കുക. ശേഷിക്കുന്ന ആറെണ്ണം പിന്നീടുമാത്രമേ കയറ്റൂ.

 

വാഹനങ്ങൾക്ക് ഇങ്ങനെപോകാം

 

 

കുറ്റിപ്പുറം ഭാഗത്തേക്കും പാലക്കാട് ഭാഗത്തേക്കും സംസ്ഥാനപാതയിൽനിന്നു വരുന്ന വാഹനങ്ങൾ വെള്ളിയാഴ്ച രാത്രി എട്ടുമുതൽ നടുവട്ടത്തുനിന്ന് ടിപ്പുസുൽത്താൻ റോഡിലൂടെ തിരിഞ്ഞ് വട്ടംകുളത്തെത്തിയോ എടപ്പാൾ ടൗണിലെത്തി പൊന്നാനി റോഡിലൂടെ പഴയ ബ്ലോക്ക് ജങ്ഷൻ-പെരുമ്പറമ്പ് റോഡിലൂടെയോ പോകേണ്ടിവരും. പൊന്നാനി ഭാഗത്തേക്കുള്ളവയ്ക്ക് നടുവട്ടം-അയിലക്കാട് റോഡിലൂടെ തിരിഞ്ഞ് കാഞ്ഞിരമുക്ക്, കുണ്ടുകടവ് വഴിയും പോകാം.

 

ചെറുവാഹനങ്ങൾക്ക് അയിലക്കാട്-തലമുണ്ട വഴി അംശക്കച്ചേരിയിലെത്തി പഴയ ബ്ലോക്ക് ജങ്ഷൻ വഴിയോ പോകാനാകും. കുറ്റിപ്പുറം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ നിലവിലുള്ളതുപോലെ മാണൂരിൽനിന്നോ കണ്ടനകത്തുനിന്നോ തിരിഞ്ഞ് ചേകന്നൂർ, വട്ടംകുളം വഴി പോകേണ്ടിവരും.