കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം തിരുവനന്തപുരത്തിറക്കി; ഒഴിവായത് വൻദുരന്തം
തിരുവനന്തപുരം: സാങ്കേതിക തകരാറിനെതുടർന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം അടിയന്തരമായി തിരുവനന്തപുരത്തിറക്കി. 104 യാത്രക്കാരും എട്ട് കാബിന് ക്രൂവുമായി ഷാര്‍ജയില്‍നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് എ.ഐ.1346ാം നമ്പര്‍ വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാൻഡിങ് നടത്തിയത്.
വിമാനം കരിപ്പൂരിലെ എയര്‍ട്രാഫിക് കണ്ട്രോൾ പരിധിയില്‍ എത്തിയപ്പോള്‍ മുന്‍വശത്തെ ടയറിന്റെ ഭാഗത്തുകൂടി ഹൈഡ്രോളിക് ഓയില്‍ ലീക്കാകുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടു. ഈ സാഹചര്യത്തില്‍ കരിപ്പൂരിലെ റണ്‍വേയില്‍ വിമാനം ലാന്‍ഡിങ് നടത്തിയാല്‍ പൊട്ടിത്തെറിക്കുള്ള സാധ്യത ഏറെയെന്ന് കണ്ടതോടെ വിവരം പൈലറ്റ് എയര്‍ട്രാഫിക് കണ്ട്രോള് ടവറിലേക്ക് കൈമാറി. കുറച്ചുകൂടി സൗകര്യപ്രദമായ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വിമാനം പറപ്പിക്കാന്‍ എയര്‍ട്രാഫിക് കണ്ട്രോള് വിഭാഗം നിര്‍ദേശം നൽകി. തുടർന്നാണ് തിരുവനന്തപുരത്തേക്ക് വിമാനം പറത്തിയത്.
ഇതിനിടെ തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിങ് നേരിടാനുള്ള സംവിധാനങ്ങള്‍ ഒരുക്കി. ഉച്ചക്ക് 12.20 ഓടെ വിമാനം തിരുവനന്തപുരത്തെത്തി. ഓള്‍സെയിന്‍സ് ഭാഗത്തെ റണ്‍വേയിലേക്ക് ഇറക്കാനായിരുന്നു എയര്‍ട്രാഫിക് കണ്ട്രോള് ടവറിൽനിന്ന് ആദ്യം നൽകിയ നിര്‍ദേശം. എന്നാല്‍, ഈഭാഗംവഴി റണ്‍വേയിലേക്ക് വിമാനം എത്തുന്നത് ദുഷ്കരമാണെന്ന് പൈലറ്റ് അറിയിച്ചതിനെതുടര്‍ന്ന് പൊന്നറപാലംഭാഗത്തെ രണ്ടാം റണ്‍വേയില്‍ വിമാനം ഇറക്കാന്‍ നിര്‍ദേശിച്ചു. വിമാനത്തിന്റെ മുന്നിലെ ടയര്‍ റണ്‍വേയില്‍ തൊട്ടതോടെ ഓയില്‍ ചോർച്ചയുണ്ടായ ഭാഗത്തുനിന്ന് പുക ഉയര്‍ന്നു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നാല് ‘പാന്തര്‍’ ഫയർ യൂനിറ്റുകള്‍ മുന്‍വശത്തെ ടയറിലേക്കും റണ്‍വേയിലേക്കും ശക്തമായി വെള്ളം ചീറ്റിച്ചാണ് അപകടാവസ്ഥ ഒഴിവാക്കിയത്. റണ്‍വേയില്‍ വെച്ചുതന്നെ വിമാനത്തിനുള്ളില്‍നിന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി ലോഞ്ചിലേക്ക് മാറ്റി. യാത്രക്കാരെ വൈകീേട്ടാടെ മറ്റൊരു വിമാനത്തില്‍ കരിപ്പൂരിലേക്ക് കൊണ്ടുപോയി. അടിയന്തര ലാന്‍ഡിങ് നേരിടാന്‍ കേരള ഫയര്‍ഫോഴ്സിന്റെ കൂടുതൽ യൂനിറ്റുകളും ആംബുലന്‍സുകളും സജ്ജമാക്കിയിരുന്നു.