ഡോളറിൽ കുടുങ്ങും: മുൻകൂർ ജാമ്യാപേക്ഷ തയാറാക്കി ശിവശങ്കർ; നാളെ ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നാളെ ഹൈക്കോടതിയെ സമീപിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഐസിയുവിൽ കഴിയുന്ന ശിവശങ്കറിനായി അദ്ദേഹത്തിന്‍റെ അഭിഭാഷകർ മുൻകൂർ ജാമ്യാപേക്ഷ തയാറാക്കി. കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണ്ണക്കടത്ത്, ‍ഡോള‍ർ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ധങ്ങളും വിതരണം ചെയ്തതിലെ അന്വേഷണം ഇവയെല്ലാം ചൂണ്ടിക്കാട്ടിയാകും ഹർജി നൽകുക.
തലസ്ഥാനത്തുളള കസ്റ്റംസ് സംഘം ഇന്ന് ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയാൽ ആരോഗ്യാവസ്ഥ അടക്കം ചൂണ്ടിക്കാട്ടി ജാമ്യഹർജി സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഓർത്തോ ഐസിയുവിൽക്കഴിയുന്ന ശിവശങ്കറിന്‍റെ മൊഴിയെടുത്തതിനുശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്താൻ നിയമപരമായി കസ്റ്റംസിന് കഴിയൂ. സ്വർണക്കളളക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുൻകൂ‍ർ ജാമ്യം നൽകിയിരുന്നു.
അതേസമയം, എം ശിവശങ്കറിന്‍റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും. ഇതിന് ശേഷമാകും തുടർചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക.