സി.പി.എമ്മിന്‍റെ കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താം; രാഹുൽ ഗാന്ധി
തിരുവനന്തപുരം: പതിവിൽനിന്ന് വിപരീതമായി കേരളത്തിലെ ഇടതുമുന്നണി സർക്കാറിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. ബി.ജെ.പിയും സി.പിഎമ്മും തമ്മിൽ ഒത്തുകളിയുണ്ടെന്ന ആരോപണമടക്കം ഉന്നയിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പിണറായി സർക്കാറിനെ നിശിത വിമർശനത്തിന് വിധേയമാക്കുന്നതായിരുന്നു. സി.പി.എമ്മിന്‍റെ കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താമെന്ന അവസ്ഥയാണെന്ന ഗുരുതര ആരോപണവും രാഹുൽ ഉന്നയിച്ചു.
ആഴക്കടൽ മത്സ്യബന്ധന കരാറും ഉദ്യോഗാർഥികളുടെ സമരവുമടക്കം കേരളത്തിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളിലൂന്നിയ പ്രസംഗത്തിൽ സ്വർണക്കടത്തും പിൻവാതിൽ നിയമനവുമടക്കമുള്ള കാര്യങ്ങൾ വിഷയമായി.
കോൺഗ്രസും സി.പി.എമ്മും തമ്മിൽ ചില സംസ്ഥാനങ്ങളിൽ സഹകരണം നിലനിൽക്കുന്ന സാഹചര്യത്തിൽ രാഹുലിന്‍റെ പ്രസംഗം രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമുള്ളതാണ്. സമീപകാലത്ത് ഇതാദ്യമാണ് രാഹുൽ ഇടതുപക്ഷത്തിനെതിരെയും പിണറായി സർക്കാറിനെതിരെയും ഈ രീതിയിൽ ആഞ്ഞടിക്കുന്നത്.
ശംഖുമുഖം കടപ്പുറത്ത് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു രാഹുലിന്‍റെ പ്രസംഗം.