പൊന്നാനിയിൽ പി. നന്ദകുമാർ; മലപ്പുറത്ത് ഏഴ് ഇടങ്ങളിൽ സി.പി.എം. സ്ഥാനാർഥികൾ

നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശം ജില്ലാ നേതൃത്വം അംഗീകരിച്ചു

മലപ്പുറം: പൊന്നാനിയിൽ പി. നന്ദകുമാർ തന്നെ ഇടത് മുന്നണി സ്ഥാനാർഥിയാകും. നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശം ജില്ലാ നേതൃത്വം അംഗീകരിച്ചു. മലപ്പുറത്ത് ഏഴ് ഇടങ്ങളിൽ സി.പി.എം.  സ്ഥാനാർഥികൾ സ്വതന്ത്ര ചിഹ്നത്തിലാകും മത്സരിക്കുക.

പി. നന്ദകുമാറിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പൊന്നാനിയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പൊന്നാനി സ്വദേശിയുമായ ടി.എം. സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം പ്രവർത്തകർ ഉയർത്തിയിരുന്നു. സിദ്ദീഖിന് വേണ്ടി പോസ്റ്ററുകളും പ്രചരിച്ചു. പക്ഷേ ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിക്കുകയായിരുന്നു.

മലപ്പുറം ജില്ലയിൽ വണ്ടൂർ സംവരണ മണ്ഡലത്തിൽ ഒഴികെ മറ്റെവിടെയും സിപിഎമ്മിന് ഹിന്ദു വിഭാഗത്തിൽ നിന്ന് സ്ഥാനാർഥി ഇല്ല. ഇത് വലിയ തോതിൽ വിമർശനങ്ങൾക്ക് കാരണമാകും എന്ന വിലയിരുത്തലും തീരുമാനത്തിന് പിന്നിലുണ്ട്. പി. ശ്രീരാമകൃഷ്ണന് ഇളവ് നൽകിയാൽ രണ്ട് ടേം എന്ന പൊതു മാനദണ്ഡം പാലിക്കാൻ പറ്റാതെ വരും എന്നും പാർട്ടിയിൽ അഭിപ്രായം ഉയർന്നു. ആ സാഹചര്യത്തിളാണ് പി. നന്ദകുമാർ തന്നെ സ്ഥാനാർഥിയാകട്ടെ എന്ന് ജില്ലാ നേതൃത്വവും തീരുമാനിച്ചത്.

 

ഇനി തോമസ് ഐസക്, ജി. സുധാകരൻ അടക്കം ഉള്ളവർക്ക് ഇളവ് നൽകാൻ പാർട്ടി തീരുമാനിച്ചാൽ മാത്രമേ പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണന് സാധ്യത ഉള്ളൂ. പെരിന്തൽമണ്ണ മുൻ ലീഗ് നേതാവും മലപ്പുറം നഗരസഭ മുൻ ചെയർമാനുമായ കെ.പി. മുഹമ്മദ് മുസ്തഫ തന്നെ സ്ഥാനാർഥിയാകും. ഇവിടെ പാർട്ടി ചിഹ്നത്തിൽ വേണം സ്ഥാനാർഥി എന്ന ആവശ്യം ഒരു വിഭാഗം ഉയർത്തി എങ്കിലും സ്വതന്ത്ര സ്ഥാനാർഥിയായി മുസ്തഫയെ നിശ്ചയിക്കുകയായിരുന്നു.

നിലവിലെ പട്ടിക പ്രകാരം സിപിഎമ്മിൻ്റെ മറ്റ് സ്ഥാനാർഥികൾ ഇപ്രകാരമാണ്; തവനൂരിൽ കെ.ടി. ജലീൽ, തിരൂരിൽ ഗഫൂർ പി. ലില്ലീസ് , താനൂരിൽ വി. അബ്ദുറഹ്മാൻ എന്നിവർ മത്സരിക്കും. കഴിഞ്ഞ തവണയും ഇവർ തന്നെ ആയിരുന്നു ഇവിടങ്ങളിലെ സ്ഥാനാർത്ഥികൾ. കൊണ്ടോട്ടി സുലൈമാൻ ഹാജി, വണ്ടൂരിൽ പി. മിഥുന എന്നിവരും നിലമ്പൂരിൽ പി.വി. അൻവറും ഇടത് സ്വതന്ത്ര സ്ഥാനാർഥികളായി ജനവിധി തേടും. മങ്കടയിൽ ടി.കെ. റഷീദലി ആണ് സ്ഥാനാർഥി.

വേങ്ങരയിലും മലപ്പുറത്തും പാർട്ടി ചിഹ്നത്തിൽ തന്നെ ആകും സ്ഥാനാർഥികൾ. ഏറനാടും തിരൂരങ്ങാടിയും സിപിഐയിൽ നിന്ന് ഏറ്റെടുത്ത് യു. ഷറഫലിയേയും നിയാസ് പുളിക്കലകത്തിനേയും സി.പി.എം. മത്സരിപ്പിക്കുമെന്നാണ് സൂചന. നിയാസ് പുളിക്കലകത്ത് മത്സരിക്കാൻ തയാറല്ലെങ്കിൽ മാത്രമാകും ഇവിടെ മറ്റൊരാളെ പരിഗണിക്കുക.  അങ്ങനെ വന്നാൽ മഞ്ചേരിയിൽ മാത്രമാകും ഇത്തവണ സി.പി.ഐ. മത്സരിക്കുക. ഇവിടേക്ക് വ്യവസായി ആയ ദിബോണ നാസറിനെ ആണ് പരിഗണിക്കുന്നത്.

കോട്ടക്കൽ, വള്ളിക്കുന്ന് മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തേത് പോലെ എൻസിപിയും ഐഎൻഎല്ലും മത്സരിക്കും. വള്ളിക്കുന്നിൽ പാർട്ടി സംസ്ഥാന പ്രസിഡണ്ട് എ.പി. അബ്ദുൽ വഹാബ് തന്നെ സ്ഥാനാർഥിയായേക്കും. കോട്ടക്കൽ കഴിഞ്ഞ തവണ മത്സരിച്ച എൻ.എ. മുഹമ്മദ് കുട്ടി ആകും എൻ.സി.പി. സ്ഥാനാർഥി.