കോവിഡ് 19 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകണം തെരഞ്ഞെടുപ്പ് പ്രചാരണം
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളോ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളോ നടത്തുന്ന കോവിഡ് 19 മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാകണം പ്രചാരണം സംഘടിപ്പിക്കേണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ അവര്‍ ഒഴിച്ച് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് വീടുകള്‍ തോറുമുള്ള പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാം. റോഡ് ഷോ സംഘടിപ്പിക്കുമ്പോള്‍ 10 വാഹനങ്ങളുടെ നിരയ്ക്ക് പകരം അഞ്ച് വാഹനങ്ങളുടെ ഒരു നിര റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം റോഡ് ഷോയ്ക്ക് വിരാമം ഇടണം. ഒരു നിര വാഹനം പോയതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് 100 മീറ്റര്‍ അകലം എന്നതിന് പകരമായി അടുത്ത അഞ്ച് വാഹനങ്ങളുടെ വ്യൂഹം കടന്നു പോകാം.
പൊതു സമ്മേളനങ്ങളും റാലികളും നടത്തുന്നത് കോവിഡ് 19 മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാവണം. പ്രവേശനം / പുറത്തേക്ക് ഉള്ള കവാടങ്ങള്‍ ഇവ വ്യക്തമായി അടയാളപ്പെടുത്തുവാന്‍ കഴിയുന്ന സമ്മേളനങ്ങള്‍ക്കായി എടുക്കുവാന്‍ പറ്റുന്ന മൈതാനങ്ങള്‍ മുന്‍കൂട്ടി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ സാമൂഹിക അകലം പാലിച്ച് ഇരിക്കാവുന്ന വിധത്തില്‍ ഇരിപ്പിടങ്ങളുടെ ക്രമീകരണം അടയാളപ്പെടുത്തണം.
ജില്ലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാവരും കോവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാനായുള്ള പ്രക്രിയകളില്‍ ജില്ലാ നോഡല്‍ ഹെല്‍ത്ത് ഓഫീസര്‍ പങ്കാളിയാകും. പൊതുയോഗങ്ങളില്‍ കോവിഡ് 19 നിര്‍ദേശങ്ങള്‍ / മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ജില്ലാ നോഡല്‍ ഹെല്‍ത്ത് ഓഫീസര്‍ പരിശോധിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും മാസ്‌ക്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌ക്രീനിങ് പോലുള്ള ആവശ്യങ്ങള്‍ തൃപ്തികരമായാണ് നിറവേറ്റപ്പെടുന്നെന്ന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പാക്കണം. പൊതു സ്ഥലങ്ങള്‍ അനുവദിച്ചു നല്‍കല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദേശിച്ചിട്ടുള്ള രീതിയില്‍ സുവിധ ആപ് വഴി ആയിരിക്കും.