എൽഡിഎഫ് താനൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു.
എൽഡിഎഫ് താനൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന് നൽകിയാണ് പ്രകാശനം ചെയ്തത്.
സിപിഐ മണ്ഡലം സെക്രട്ടറി കെ പുരം സദാനന്ദൻ പങ്കെടുത്തു
താലൂക്ക് രൂപീകരിക്കുന്നതിന് അനുബന്ധമായാണ് താനൂർ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തിയതെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹിമാൻ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് താനൂരിൽ ഒട്ടേറെ സർക്കാർ ഓഫീസുകൾ ആരംഭിച്ചിട്ടുണ്ട്. ഡിവൈഎസ്പി ഓഫീസ്, ഫയർ സ്റ്റേഷൻ തുടങ്ങിയതും ഇതിന്റെ ഭാഗമായാണ്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി താനൂർ കേന്ദ്രീകരിച്ച് വ്യവസായ പാർക്ക് സ്ഥാപിക്കും. യുവതി യുവാക്കൾക്കായി സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനും, തിരിച്ചെത്തിയ പ്രവാസികൾക്കായി വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാനും വ്യവസായ പാർക്കിന് കഴിയും. പദ്ധതിക്കായി 100 ഏക്കർ സ്ഥലം കണ്ടെത്തിയതായും വി അബ്ദുറഹ്മാൻ പറഞ്ഞു.
താനൂർ സമഗ്ര കുടിവെള്ള പദ്ധതി എട്ടുമാസം കൊണ്ട് രണ്ടാം ഘട്ടം പൂർത്തീകരിക്കും. 300 കോടി രൂപ ചെലവിൽ മണ്ഡലത്തിൽ ആവിഷ്കരിച്ച ബൃഹത് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചിട്ടുണ്ട്. എട്ടുമാസംകൊണ്ട് മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കുമെന്ന് വി അബ്ദുറഹ്മാൻ ഉറപ്പുനൽകി.
മണ്ഡലത്തിൽ പൂർത്തിയാകാനിരിക്കുന്ന മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മാനിഫെസ്റ്റോയിൽ പറയുന്നു. 15 വിഷയങ്ങളിലായി വിദഗ്ധരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് മാനിഫെസ്റ്റോ പൂർത്തീകരിച്ചത്.
2016ലെ തെരഞ്ഞെടുപ്പിനു മുമ്പായി പുറത്തിറക്കിയ പ്രകടനപത്രികയിലെ 95 ശതമാനം പദ്ധതികളും പൂർത്തീകരിച്ച ചാരിതാർഥ്യത്തിലാണ് ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വി അബ്ദുറഹ്മാൻ പറഞ്ഞു.