മങ്കട മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണും മഞ്ഞളാം കുഴി അലി

മങ്കട: കുടുംബയോഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി മഞ്ഞളാം കുഴി അലിയുടെ തിങ്കളാഴ്ചത്തെ പ്രചരണം. മങ്കട പഞ്ചായത്തിലെ കുടുംബ യോഗങ്ങളിലാണ് ഉച്ച വരെ പങ്കെടുത്തത്.

വെള്ളില മലയിൽ നിന്നായിരുന്നു തുടക്കം. മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാണ് തെരഞ്ഞെടുക്കപ്പെട്ടാൽ പ്രഥമ പരിഗണന നല്കുകയെന്ന് അലി വീട്ടമ്മമാർ നിറഞ്ഞ കുടുംബ യോഗങ്ങളിൽ ഉറപ്പ് നല്കി.

ആനക്കയത്തിനും കൂട്ടിലങ്ങാടിക്കും ഇടയ്ക്ക് തടയണ കെട്ടി മൂർക്കനാട് പദ്ധതിയുമായി ബന്ധിപ്പിച്ച് മക്കരപ്പറമ്പ, കൂട്ടിലങ്ങാടി, മങ്കട പഞ്ചാത്തുകളിൽ വെള്ളമെത്തിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വേരും പുലാക്കലും ഏലച്ചോലയിലുമെല്ലാം അലി ജനപ്രതിനിധിയായ വേളയിൽ മണ്ഡലം മുഴുവൻ വൈദ്യുതിയെത്തിച്ചു തന്നത് പറഞ്ഞാണ് ജനം പിന്തുണ ഉറപ്പ് നല്കുന്നത്.

ചോഴിപ്പടിയിൽ അലിയെ സ്വീകരിക്കാൻ എത്തിയ കൂട്ടിൽ ആദിവാസി കോളനി മൂപ്പൻ 80 കാരനായ കള്ളിക്കൽ വേലായുധ നോടും കോളനി വിശേഷങ്ങളും ആരാഞ്ഞാണ് സ്ഥാനാർത്ഥി മടങ്ങിയത്.

പടിക്കയിൽ കുണ്ട്, യു കെ. പടി, കോഴിപ്പറമ്പ്, പീറാലി മുക്ക്, കുറ്റ്യാർ കുന്ന്, മഞ്ചേരി തോട്, കടന്നമണ്ണ, കോട്ടപ്പുറം, കർക്കിടകം, കൂട്ടിൽ എട്ട്, മുക്കിൽപ്പീടിക എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തു.

യു ഡി എഫ് നേതാക്കളായ ടി.പി. ഹാരിസ്, അനീഷ്, ഷെഹർബാൻ, ശശി മങ്കട, മഹേഷ്, ജാഫർ, നാസർ പടിഞ്ഞാറ്റു മുറി, വാസു, ഷെമീന തുടങ്ങിയവർ നേതൃത്വം നല്കി.