മൻസൂർ വധക്കേസ് അന്വേഷണ സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികൾ; പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: പാനൂരിലെ മൻസൂർ വധക്കേസ് അന്വേഷണ സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മൻസൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെയെങ്കിലും നേതൃത്വത്തിൽ അന്വേഷണം നടത്തണം. അല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇക്കാര്യത്തിൽ ആലോചിച്ച് നാളെ തീരുമാനം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാളെ യുഡിഎഫിന്റെ നേതാക്കൾ മൻസൂറിന്റെ വീട്ടിൽ പോകുന്നുണ്ട്. സിറ്റി സ്ക്കാൻ ന്യൂസ്, കുടുംബത്തിനും സമൂഹത്തിനും നീതി ഉറപ്പാക്കാൻ ഏതറ്റംവരെ പോകാനും പാർട്ടിയും മുന്നണിയും പിന്നിൽത്തന്നെ നിൽക്കും. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോയി തുമ്പില്ലാതാക്കാൻ പറ്റിയ ആജ്ഞാനുവർത്തികളായ പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിന്റെ തലപ്പത്ത് നിയമിക്കുകയാണ്. അന്വേഷണം കേവലം ഒരു പ്രഹസനം മാത്രമാണ്. ഈ അന്വേഷണത്തിൽ വിശ്വാസമില്ല. കൊല്ലണമെന്ന് ഉറപ്പിച്ച് സിപിഎം വെട്ടിനുറുക്കുകയാണ്. ജീവന് യാതൊരു വിലയും നൽകുന്നില്ല. ഇത്തരം പ്രവൃത്തികളുടെ കാലം കഴിഞ്ഞു എന്ന് അവർ വൈകാതെ മനസ്സിലാക്കും, കുഞ്ഞാലിക്കുട്ടി പറഞ്ഞു.