കൊലപാതക രാഷ്ട്രീയത്തിന് അടിമപ്പെട്ടവരെ ബോധവത്കരിക്കാൻ മതപണ്ഡിതർ മുന്നിട്ടിറങ്ങണം. സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ.
മലപ്പുറം: മനുഷ്യത്വത്തിന് അല്പം പോലും വില കല്പിക്കാതെ പാർട്ടിക്ക് വേണ്ടി മാത്രം സ്വന്തം അയൽവാസികളെയും സഹോദരങ്ങളെയും ഒറ്റിക്കൊടുക്കുകയും കൊല നടത്തുകയും ചെയ്യുന്നവരെ ബോധവത്കരിക്കുവാൻ മതപണ്ഡിതരും പണ്ഡിത പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങണമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂരിൽ കൊല ചെയ്യപ്പെട്ട മൻസൂറിന്റെ വീട് സന്ദർശിച്ച ശേഷം അതിനെ അപലപിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു തങ്ങൾ അവർകൾ. രാഷ്ട്രീയ കൊലപാതകങ്ങൾ പതിവായ കണ്ണൂർ ഭാഗത്തുള്ള മത പണ്ഡിതർ പ്രത്യേകം ജാഗ്രത കാണിക്കണം.
മതമൂല്യങ്ങളും മാനവികമൂല്യങ്ങളും ജീവിതത്തിൽ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതോടൊപ്പം അക്രമ – കൊലപാതകങ്ങൾ കൊണ്ട് ഇഹത്തിലും പരത്തിലുമുണ്ടാകുന്ന നാശങ്ങളെയും ശിക്ഷകളെയും അവർക്ക് മനസ്സിലാക്കിക്കൊടുക്കണം. ഇത് മതപണ്ഡിതരും പണ്ഡിത പ്രസ്ഥാനങ്ങളും പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുത്ത് നമ്മുടെ യുവസമൂഹത്തെ ഈമാനികമായി ശാക്തീകരിച്ചില്ലെങ്കിൽ നമ്മുടെ രാജ്യത്തിനും സമുദായത്തിനും വലിയ നഷ്ടമായിരിക്കും ഉണ്ടാകുകയെന്ന് സയ്യിദ് ഹാഷിം ഹദ്ദാദ് അവർകൾ ഉണർത്തി. ഈ മണ്ഡലത്തിലെ സ്ഥാനാർത്ഥി പൊട്ടം കണ്ടി അബ്ദുല്ലാഹ് സാഹിബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.
കണ്ണൂർ മഹല്ല് ഏകീകരണ കമ്മിറ്റി സെക്രട്ടറി മസ്ഊദ് ഹാജി, ഹാരിസ്പഴയങ്ങാടി , അബ്ദുൽ ജബ്ബാർ കൂരാരി, ഷമീർ അഴീക്കോട് എന്നിവരും പങ്കെടുത്തു