മധ്യപ്രദേശിൽ വാക്സീൻ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിച്ച നിലയിൽ; കണ്ടെത്തിയത് 2,40,000 ഡോസ് കൊവാക്സിൻ

ഭോപ്പാൽ: മധ്യപ്രദേശിൽ കൊവിഡ് വാക്സീൻ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 2,40,000 ഡോസ് കൊവാക്സിൻ ആണ് ട്രക്കിൽ ഉണ്ടായിരുന്നത്. 8 കോടി രൂപയോളം രൂപ വിലമതിക്കുന്നതാണ് വാക്സീൻ. ട്രക്കിന്റെ ഡ്രൈവറെയും കണ്ടക്ടറെയും കണ്ടെത്താനായില്ലെന്ന് മധ്യപ്രദേശ് പൊലീസ് പറഞ്ഞു.

രാജ്യത്ത് വാക്സീൻ ക്ഷാമം തുടരുന്നതിനിടെയാണ് സംഭവം. അതേസമയം, മൂന്ന് ദിവസത്തിനുള്ളിൽ 17 ലക്ഷം ഡോസ് വാക്സീൻ കൂടി സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ 79 ലക്ഷം ഡോസ് സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

രാജ്യത്ത് 18 മുതൽ 44 വയസ്സ് വരെയുള്ളവർക്കായുള്ള വാക്സീൻ വിതരണം ഇന്ന് തുടങ്ങി. എന്നാൽ ആവശ്യത്തിന് വാക്സീൻ ഇല്ലാത്തതിനാൽ നിരവധി സംസ്ഥാനങ്ങൾ വാക്സീൻ വിതരണം ഇന്ന് തുടങ്ങാൻ കഴിയില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട്. ദില്ലി , ബീഹാർ, ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, അടക്കമുള്ള സംസ്ഥാനങ്ങളാണ് വാക്സിൻ വിതരണം തുടങ്ങാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത്. മഹാരാഷ്ട്രയിൽ പരിമിതമായ വാക്സീൻ ആണ് ഉള്ളതെങ്കിലും വാക്സിനേഷൻ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ചില ജില്ലകളിലും ഇന്ന് വാക്സീൻ വിതരണം തുടങ്ങി. ഫോർട്ടിസ്, അപ്പോളോ, മാക്സ് എന്നീ സ്വകാര്യ ആശുപത്രികളും ഇന്ന് വാക്സിൻ വിതരണം തുടങ്ങി. റഷ്യയിൽ നിന്ന് സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ച് ഇന്ത്യയിൽ എത്തുന്നതും ഇന്നാണ്.