സ്വകാര്യ സ്ഥലത്ത് സർക്കാർ പദ്ധതി, ഉടമകൾ പ്രതിഷേധത്തിൽ
ഹൈക്കോടതിയില്‍ നിലവില്‍ കേസുള്ള സ്വകാര്യ സ്ഥലത്ത് സര്‍ക്കാര്‍ തിയെറ്റര്‍ കോംപ്ലക്‌സ് പണിയുന്നതിനെതിരെ ഉടമകളുടെ പ്രതിഷേധം. സ്വകാര്യ സ്ഥലം തട്ടിയെടുക്കാനുള്ള പദ്ധതിയാണെന്ന് കുടുംബം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കേരള ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ നാടക സിനിമ തിയേറ്റര്‍ സമുച്ചയമാണ് താനാളൂര്‍ മൂച്ചിക്കലില്‍ 27 ന് ചൊവ്വാഴ്ച്ച മന്ത്രി എ കെ ബാലന്‍ പ്രവത്തനോദ്ഘാടനം ചെയ്യുന്ന പദ്ധതി.1936 മുതല്‍ കൈവശം വെക്കുന്ന സ്ഥലം കേരള പൊതുമരാമത്ത് വകുപ്പ് യാതൊരു രേഖയും ഇന്ന് വരെ ഹാജരാക്കാതെയാണ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതെന്നും ഉടമകള്‍ പറയുന്നു. 1993 ലെ തിരൂര്‍ താലൂക്ക് ട്രൈബ്യൂണലിലെ 439-ാം നമ്പര്‍ ക്രയ സര്‍ട്ടിഫിക്കറ്റ് പ്രകാരവും കൈവശം വെച്ച് അനുഭവിക്കാന്‍ ഉത്തരവുണ്ടായിട്ടും പൊതുമരാമത്ത് വകുപ്പ് അതിക്രമിച്ച് കൈവശപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് ഉടമകളുടെ പരാതി. ഇതിനെതിരെ കേരള ഹൈക്കോടതിയിലും, തിരൂര്‍ മുന്‍സിഫ് കോടതിയിലും കേസ് നിലനില്‍ക്കെയാണ് പ്രസ്തുത സ്ഥലം ദീര്‍ഘകാലത്തേക്ക് കേരള ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പറേഷന് പാട്ടത്തിന് പൊതുമരാമത്ത് വകുപ്പ് നല്‍കിയിരിക്കുന്നത്. കേസ് രേഖകള്‍ മറച്ച് വച്ചാണ് സ്ഥലം നല്‍കിയിരിക്കുന്നത്. 27 ന് നടക്കുന്ന ഉദ്ഘാടനത്തില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് മന്ത്രി ബാലന് പരാതി നല്‍കിയിട്ടുണ്ട്. ഉദ്ഘാടന സമയത്ത് കുടുംബാംഗങ്ങള്‍ പരസ്യമായ പ്രതിഷേധവും നടത്തുമെന്ന് പി യൂസഫലി, അബൂബക്കര്‍, നാസര്‍, നിസാര്‍ എന്നിവര്‍ തിരൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു