ന്യൂനമർദം ചുഴലിക്കാറ്റായി; സഞ്ചാരപഥം കണ്ണൂരിൽനിന്ന് 290 കിലോ മീറ്റർ അകലെ
തിരുവനന്തപുരം ∙ തെക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറി. കണ്ണൂരിൽനിന്ന് 290 കിലോ മീറ്റർ അകലെയാണ് നിലവിൽ ടൗട്ടെ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം. സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരും. തീരത്തുടനീളം കടലാക്രമണവും തുടരുകയാണ്.
ചുഴലിക്കാറ്റ് വടക്ക്, വടക്ക് – പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുമെന്നും 18നു ഗുജറാത്തു തീരത്തിനടുത്ത് എത്തുമെന്നുമാണു പ്രവചനം. സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും ഇതു കേരള തീരത്തോടു അടുത്തായതിനാൽ സംസ്ഥാനത്തു 16 വരെ തീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകുന്നു.
കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ തലായിയിൽ മീൻപിടിത്തത്തിനു പോയ 3 പേരെ കാണാതായി, എറണാകുളം ജില്ലയിൽ മഴക്കെടുതിയിലും കടലാക്രമണത്തിലും രണ്ടുപേർ മരിച്ചു. പെരിയാറിൽ ഒരാളെ കാണാതായി. വിവിധ തീര ജില്ലകളിൽ കടലാക്രമണത്തിൽ നൂറിലേറെ വീടുകൾ തകർന്നു. ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.