സ്കൂള്‍ എപ്പോള്‍ തുറക്കും; തീരുമാനം പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷം
തിരുവനന്തപുരം: പുതിയ മന്ത്രിസഭ വരുന്നതും കാത്ത് അടുത്ത അധ്യയന വർഷം. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ അടുത്ത അധ്യയന വർഷം എങ്ങനെയാവണം എന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം കാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. പുതിയ മന്ത്രിസഭ വന്നിട്ട് തീരുമാനമെടുക്കാമെന്നാണ് സർക്കാർ തലത്തിലെ ധാരണ. കോവിഡ് നിശബ്ദമാക്കിയ ഒരു വർഷത്തെ അനുഭവം തുടരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സൂചന. സ്കൂൾ കോളജ് കവാടങ്ങൾ വിദ്യാർഥികൾക്കായി അടുത്ത അധ്യയന വർഷവും അടഞ്ഞു തന്നെ കിടക്കാനാണ് സാധ്യത. സ്കൂൾ ക്ലാസുകൾ ഓൺ ലൈൻ ആയി തുടരുന്നതിനുള്ള ക്രമീകരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഏതാണ്ട് പൂർത്തിയാക്കി. പാഠപുസ്തകങ്ങൾ നേരത്തേ തന്നെ അച്ചടി പൂർത്തിയാക്കിയെങ്കിലും ഓൺലൈൻ ക്ലാസുകൾക്കായി പാഠപുസ്തകങ്ങൾ കുട്ടികൾക്ക് എടുക്കാവുന്ന തരത്തിൽ നൽകി കഴിഞ്ഞു. ഇതു സംബന്ധിച്ച് അധ്യാപകർക്കും സ്കൂളുകൾക്കും നിർദ്ദേശവും നൽകിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്. എന്നാൽ സർക്കാർ ഔദ്യോഗിക അറിയിപ്പുകൾ നൽകുന്നത് കാത്തിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. നയപരമായ തീരുമാനം ആയതിനാൽ അടുത്ത മന്ത്രിസഭ വരട്ടെ എന്നാണ് സർക്കാർ തലത്തിലെ തത്വത്തിലെ തീരുമാനം. പുതിയ അധ്യയന വർഷം എങ്ങനെ ആരംഭിക്കണമെന്നത് സംബന്ധിച്ചാണ് സർക്കാർ തീരുമാനമെടുക്കേണ്ടി വരിക. കേന്ദ്ര സർക്കാർ തീരുമാനം കൂടി പരിശോധിച്ചാവും സംസ്ഥാന സർക്കാർ തീരുമാനം. ഉന്നത വിദ്യാഭ്യാസ മേഖലയും കഴിഞ്ഞ വർഷത്തെ പോലെ തന്നെ തുടരാനാണ് സാധ്യത. ഇതിനുള്ള തയ്യാറെടുപ്പുകൾ ഉന്നത വിദ്യാഭ്യാസ വകുപ്പും ആരംഭിച്ചു കഴിഞ്ഞു.