ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. എന്‍ഐഎയുടെ കൊച്ചിയിലെ ഓഫീസിലാണ് ശിവശങ്കര്‍ ഹാജരായത്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ ഏജന്‍സി ചോദ്യം ചെയ്യുന്നത്. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ ഒപ്പമിരുത്തിയും ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. എന്‍ഐഎയുടെ കസ്റ്റഡിയിലാണ് സ്വപ്‌ന ഇപ്പോള്‍.

കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷിനെ വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യണമെന്ന എന്‍ഐഎയുടെ ആവശ്യ പ്രകാരമാണ് കോടതി നടപടി. സ്വര്‍ണ കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതി സന്ദീപിന് കോടതി സ്വഭാവിക ജാമ്യം അനുവദിച്ചിരുന്നു. സ്വര്‍ണ കടത്ത് കേസിലെ പ്രതികള്‍ ബിനാമികള്‍ എന്ന വിലയിരുത്തലില്‍ ആണ് ആദായ നികുതി വകുപ്പ്. പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പിന് കോടതി അനുമതി നല്‍കിയിരുന്നു.

കേസില്‍ കോഫേപോസ ചുമത്തുന്നതില്‍ ആശയക്കുഴപ്പമുണ്ട്. കോഫേപോസ ചുമത്തിയാലും സാങ്കേതികമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസിന് നിയമോപദേശം ലഭിച്ചു. പ്രതികള്‍ പുറത്തു പോയി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത് തടയാനാണ് കോഫേപോസ ചുമത്തുന്നത്. എന്നാല്‍ യുഎപിഎ ചുമത്തിയ സാഹചര്യത്തില്‍ പ്രതികള്‍ പുറത്തുപോകില്ലെന്നത് സ്റ്റിയറിംഗ് കമ്മിറ്റി പരിഗണിച്ചേക്കും.