ജില്ലാ ആശുപത്രിയില്‍ ഓപ്പറേഷന് തിയെറ്ററിന് ഒരു കോടി
തിരൂര്‍: ഏറ്റവും കൂടുതല്‍ സാധാരണക്കാരായ ജനങ്ങളും കടലോര മേഖലയിലെ പാവപ്പെട്ടവരും ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയുടെ വികസനത്തിന് ആധുനിക സൗകര്യങ്ങളോടു
കൂടിയ അഞ്ച് മോഡുലാര്‍ ഓപ്പറേഷന് തിയേറ്ററുകള്‍ സ്ഥാപിക്കുന്നതിന്ന് ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപാ അനുവദിച്ചിതായി സി മമ്മൂട്ടി എംഎല്‍എ അറിയിച്ചു.
നേരത്തെ ഡയാലിസിസ് സെന്ററിന് വേണ്ടി 15 ലക്ഷവും വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കുന്നതിന്ന് അഞ്ച് ലക്ഷവും ലിഫ്റ്റും റാമ്പും സ്ഥാപിക്കുന്നതിന്ന് വേണ്ടി 60 ലക്ഷവും കോവിഡ് 19 ന്റെ സാഹചര്യത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വെന്റിലേറ്ററുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിന്ന് 70 ലക്ഷം രൂപയും നല്‍കിയിരുന്നു.
ഇതിനു പുറമേയാണ് ഒരു കോടി രൂപാ കൂടി അനുവദിച്ചിട്ടുള്ളത്. ജില്ലാ ആശുപത്രിയില്‍ 38.5 കോടി രൂപാ ചെലവഴിച്ചുള്ള ക്യാന്‍സര്‍ ബ്ലോക്കിന്റെ പണി 70% പൂര്‍ത്തിയായി. ത്വരിത ഗതിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ക്യാന്‍സര്‍ ബ്ലോക്ക് ഡിസംബറോട് കൂടി പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎല്‍എ അറിയിച്ചു.