കേരളത്തിലെ മൂന്നാമത്തെ സഹസ്രദളപദ്മം സ്വന്തം കുളത്തിൽ വിരിഞ്ഞ ആഹ്ലാദത്തിൽ അബ്ദുൽ നാസർ

സഹസ്രദളപദ്‌മം കേരളത്തിലെ കാലാവസ്ഥയിൽ വിരിയുന്നത് അപൂർവമാണ്.

വളാഞ്ചേരി : ബ്രഹ്മാവിന്റെ ഇരിപ്പിടമായി ഐതിഹ്യങ്ങളിൽ പറയുന്ന സഹസ്രദളപദ്‌മം സ്വന്തംനഴ്‌സറിയിൽ വിരിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് വലിയകുന്നിലെ പള്ളിയാലിൽ അബ്ദുൾനാസർ.

നെലുമ്പോ നൂസിഫെറാ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന താമരയുടെ ‘ഷി ഷുൻ ചിൻബാൻ’ എന്ന ഇനമാണ് സഹസ്രദളപദ്മം.

കഴിഞ്ഞ മാർച്ചിൽ കൊൽക്കത്തയിൽനിന്ന് ഓൺലൈൻവഴിയാണ് അബ്ദുൾനാസർ ഇതിന്റെ കിഴങ്ങ് വരുത്തിയത്. തന്റെ ‘ഗ്രീൻ വേൾഡ് അഗ്രിഫാമി’ലെചെറിയ കുളത്തിൽ ഇതുവളർത്തി.

കേരളത്തിൽ മൂന്നാമത്തെ സഹസ്രദളപദ്മമാണ് ഇതെന്ന് അബ്ദുൾനാസർ പറഞ്ഞു.

എറണാകുളത്തെ ഗണേഷ് അനന്തകൃഷ്ണൻ, തിരുവല്ലയിലെ മോളമ്മ മാത്യു എന്നിവർക്കാണ് ഇതിനുമുമ്പ് വിരിയിക്കാൻ സാധിച്ചത്.

സ്ലോങ് ഷാൻ ഹോങ് തൗസന്റ് പെറ്റൽ, ടവർ ഓഫ് ഡെ നൈറ്റ് എന്നീ പേരുകളിലും സഹസ്രദളപദ്മങ്ങൾ ഉണ്ടെങ്കിലും അൾട്ടിമേറ്റ് തൗസന്റ് പെറ്റലാണ് ശ്രേഷ്ഠമെന്നാണ് പറയുന്നത്.

പതിനഞ്ച് ഇനം താമരകളും വാട്ടർ ലില്ലികളും അബ്ദുൾനാസറിന്റെ നഴ്‌സറിയിലെ കുളത്തിലുണ്ട്.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ സെക്‌ഷൻ ഓഫീസറായ ഭാര്യ ആരിഫയുടെ പിന്തുണയോടെയാണ് അബ്ദുൾനാസറിന്റെ നഴ്‌സറി പരിപാലനം.

 

കേരളത്തിൽ അപൂർവം

 

സഹസ്രദളപദ്‌മം കേരളത്തിലെ കാലാവസ്ഥയിൽ വിരിയുന്നത് അപൂർവമാണ്. 2009-ൽ ചൈനയിലാണ് കണ്ടെത്തിയത്. ജലസസ്യങ്ങൾക്ക് അംഗീകാരംനൽകുന്ന ഇന്റർനാഷണൽ വാട്ടർ ലില്ലി ആൻഡ് വാട്ടർഗാർഡൻ സൊസൈറ്റി ഈ ഇനത്തെ അംഗീകരിച്ചിട്ടുണ്ട്