ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റി.
ഹർജി മാറ്റിയത് പത്താം തവണ
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷ കർണാടക കോടതി വീണ്ടും പിന്നീട് പരിഗണിക്കാനായി മാറ്റി. പത്താം തവണയാണ് ജാമ്യഹർജി കോടതി മാറ്റുന്നത്. കേസിന്റെ വാദത്തിനായി ബിനീഷിന്റെ അഭിഭാഷകൻ സമയം ചോദിച്ചപ്പോൾ വിശദമായി വാദം കേൾക്കേണ്ട കേസാണിതെന്ന് കോടതി മറുപടി നൽകുകയായിരുന്നു.
ബിനീഷിന്റെ അഭിഭാഷകന് അടുത്ത ബുധനാഴ്ചയും ഇഡിക്ക് വ്യാഴാഴ്ചയും വിശദമായ വാദം അവതരിപ്പിക്കാൻ കോടതി അനുമതി നൽകി. തന്റെ അക്കൗണ്ടിലെത്തിയ അഞ്ചുകോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച് ബിനീഷ് നല്‍കിയ വിശദീകരണത്തില്‍ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കാനുള്ളത്.
തന്റെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാനായി കേരളത്തിലേക്ക് പോകാന്‍ ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ബിനീഷ് കോടതിയില്‍ അഭ്യർത്ഥിച്ചിട്ടുള്ളത്. പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് ഇപ്പോൾ കഴിയുന്നത്. കേസിൽ ജയിലിലായിട്ട് 234 ദിവസം കഴിഞ്ഞു.