ഗര്‍ഭിണിയായ കാമുകിയെ യുവാവും മറ്റൊരു കാമുകിയും ചേര്‍ന്ന് കഴുത്തുഞെരിച്ച് ആറ്റില്‍ത്തള്ളി.
മൂവരും ചേര്‍ന്ന് ശാരീരികബന്ധത്തിലേര്‍പ്പെട്ടു. ഇതിനിടെ പ്രബീഷും രജനിയും ചേര്‍ന്ന് അനിതയുടെ കഴുത്തുഞെരിച്ചു.
കുട്ടനാട്: ആറുമാസം ഗര്‍ഭിണിയായ കാമുകിയെ യുവാവും മറ്റൊരു കാമുകിയും ചേര്‍ന്ന് കഴുത്തുഞെരിച്ച് ആറ്റില്‍ത്തള്ളി. വെള്ളം ഉള്ളില്‍ച്ചെന്നു മരിച്ച യുവതിയുടെ മൃതദേഹം കഴിഞ്ഞദിവസം പള്ളാത്തുരുത്തി ആറ്റില്‍ അജ്ഞാതമൃതദേഹമെന്ന നിലയില്‍ കണ്ടെത്തി. പുന്നപ്ര തെക്ക് തോട്ടുങ്കല്‍വീട്ടില്‍ അനീഷിന്റെ ഭാര്യ അനിതയാണ് (32) കൊല്ലപ്പെട്ടത്. നിലമ്പൂര്‍ മുതുകാട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷും (36) കാമുകി കൈനകരി തോട്ടുവാത്തല പതിശ്ശേരി വീട്ടില്‍ രജനിയും (38) ചേര്‍ന്നാണു കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.
വഴിവിട്ടബന്ധം, ഒടുവില്‍ കൊല
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: കായംകുളത്തെ ഫാമില്‍ ജോലിചെയ്യുമ്പോഴാണ് അനിതയും പ്രബീഷും പരിചയപ്പെടുന്നത്. പ്രണയമായപ്പോള്‍ ഭര്‍ത്താവും രണ്ടുമക്കളുമടങ്ങിയ കുടുംബത്തെ ഉപേക്ഷിച്ച് അനിത പ്രബീഷിനൊപ്പം നാടുവിട്ടു. രണ്ടുവര്‍ഷത്തോളം കോഴിക്കോട്ടും തൃശ്ശൂരും പാലക്കാട്ടും താമസിച്ചു. അതിനിടെ അനിത ഗര്‍ഭിണിയായി.
അതേസമയംതന്നെ, പ്രബീഷ് കൈനകരിക്കാരിയായ രജനിയുമായും ബന്ധം പുലര്‍ത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രജനി കുടുംബം ഉപേക്ഷിച്ചാണു പ്രബീഷുമായി അടുത്തത്. ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് അനിത പ്രബീഷിനോട് ആവശ്യപ്പെട്ടു. ഇതോടെ രജനിയും പ്രബീഷും ചേര്‍ന്ന് അനിതയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടത്തി.
കഴുത്തുഞെരിച്ചു; ആറ്റില്‍ത്തള്ളി
ആലത്തൂരിലുള്ള കാര്‍ഷികഫാമിലാണ് അനിത അവസാനമായി ജോലിചെയ്തിരുന്നത്. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് അനിതയെ വെള്ളിയാഴ്ച രജനിയുടെ കൈനകരിയിലെ വീട്ടിലേക്കു വിളിച്ചുവരുത്തി. മൂവരും ചേര്‍ന്ന് ശാരീരികബന്ധത്തിലേര്‍പ്പെട്ടു. ഇതിനിടെ പ്രബീഷും രജനിയും ചേര്‍ന്ന് അനിതയുടെ കഴുത്തുഞെരിച്ചു. അബോധാവസ്ഥയിലായതോടെ മരിച്ചെന്നുകരുതി ആറ്റില്‍ത്തള്ളാന്‍ തീരുമാനിച്ചു.
അനിതയെ കയറ്റിയപ്പോള്‍ വള്ളം മറിഞ്ഞു. അനിതയെ ഉപേക്ഷിച്ച് ഇരുവരും മടങ്ങി. ബോധരഹിതയായ അനിത വെള്ളം ഉള്ളില്‍ച്ചെന്നാണു മരിച്ചത്. ശനിയാഴ്ചരാത്രി ഏഴുമണിയോടെ പള്ളാത്തുരുത്തി അരയന്‍തോടുപാലത്തിനു സമീപം ആറ്റില്‍ മൃതദേഹം പൊങ്ങി.
പോസ്റ്റ്മോര്‍ട്ടത്തിലെ സൂചനകളില്‍നിന്ന് സംഭവം കൊലപാതകമാണെന്ന രീതിയില്‍ നെടുമുടി പോലീസ് അന്വേഷണം തുടങ്ങി. അനിതയുടെ ഫോണ്‍രേഖകള്‍വഴി പോലീസ് പ്രബീഷിലേക്കെത്തി. മൊബൈല്‍ ഫോണ്‍ ആലപ്പുഴയിലെ കടയില്‍ വിറ്റെന്ന് മനസ്സിലാക്കി. അതിനു തൊട്ടുമുന്‍പ് മൊബൈല്‍വഴി ഓണ്‍ലൈനായി ഭക്ഷണം വാങ്ങിയിരുന്നു. മേല്‍വിലാസം മനസ്സിലാക്കി പോലീസ് എത്തുമ്പോള്‍ രജനിയുമൊത്ത് പ്രബീഷ് നാടുവിടാന്‍ ശ്രമിക്കുകയായിരുന്നെന്ന് ആലപ്പുഴ പോലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.