താനൂർ നിയോജക മണ്ഡലത്തിൽ 75 കോടിയിൽപ്പരം രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി
ഫയർസ്റ്റേഷൻ ആരംഭിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.
മലപ്പുറം: താനൂർ നിയോജക മണ്ഡലത്തിൽ പുതിയ ഫയർസ്റ്റേഷനും 75 കോടിയിൽപരം രൂപയുടെ പദ്ധതികൾക്കും ഭരണാനുമതിയായതായി വി അബ്ദുറഹിമാൻ എം എൽ എ അറിയിച്ചു.
താനൂരിൽ പുതിയ ഫയർസ്റ്റേഷൻ ആരംഭിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്. താനൂരിൽ പ്രവർത്തനമാരംഭിച്ച സി എച്ച് മെമ്മോറിയൽ ഗവ കോളജ് വാടക കെട്ടിടത്തിൽ ശോചനീയാവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. കോളജ് സ്ഥാപിക്കുന്നതിനായി ഒഴൂർ പഞ്ചായത്തിൽ സൗജന്യ വിലയിൽ ഭൂമി നൽകാൻ ഉടമകൾ തയ്യാറാകുകയും വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഭൂമി ഏറ്റെടുക്കാൻ 5 കോടി രൂപയും കെട്ടിടം നിർമ്മിക്കാൻ ആദ്യ ഘട്ടത്തിൽ 15 കോടി രൂപയുമടക്കം 20 കോടി അനുവദിച്ചു. പൊൻ മുണ്ടം പി എച്ച്സിക്ക് 2 കോടിയും തേവർ കടപ്പുറം പി എച്ച് സി ക്ക് ഒരു കോടിയും 7 സബ് സെൻററും ഒരു നഗരാരോഗ്യ കേന്ദ്രവും പുതുക്കി പണിയുന്നതിന് 3 കോടിയും അനുവദിച്ചു.
തലക്കടത്തൂർ ഉപ്പൂട്ടുങ്ങലിൽ നിന്നും താനാളൂരിലേക്ക് ബൈപാസ് നിർമിക്കാൻ 5 കോടിയും ഓല പീടികകുന്നു പുറം റെയിൽവേ അണ്ടർ പാത്തിന് 3 കോടിയും ദേവധാർ ഹൈസ്കൂളിൽ പുതിയ കെട്ടിടത്തിന് 7 കോടി രൂപയും കെട്ടുങ്ങൽ പാലം – ബ്ലോക്ക് റോഡിന് 30 കോടി രൂപയും ഭരണാനുമതിയായി. ഉണ്യാൽ അഴീക്കൽ ടൂറിസം പദ്ധതിക്ക് മുന്നര കോടിരൂപയും തെയ്യാല റെയിൽവേ ഓവർ ബ്രിഡ്ജിന് അനുമതി നൽകിയതായും വി അബ്ദുറഹിമാൻ എം എൽ എ അറിയിച്ചു.