മൂന്നു തവണ മത്സരിച്ചവര്‍ മത്സരിക്കേണ്ട എന്ന് മുസ്ലിം ലീഗ്

നിലപാടില്‍ മാറ്റമില്ലെന്ന് മുസ്ലിംലീഗ് നേതൃത്വം.

മലപ്പുറം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്നു തവണ മത്സരിച്ചവര്‍ മത്സരിക്കേണ്ട എന്ന് മുസ്ലിം ലീഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ നിലപാട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗില്‍ സമ്മര്‍ദ്ദം ശക്തിപ്പെടുകയും ചെയ്തു. ഇതോടെ മത്സരിക്കാന്‍ കഴിയാത്ത മുതിര്‍ന്ന പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിയെ പലതരത്തില്‍ ബന്ധപ്പെടുന്നുണ്ടെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് മുസ്ലിംലീഗ് നേതൃത്വം വ്യക്തമാക്കി.
യൂത്ത് ലീഗില്‍ ഉള്‍പ്പെടെയുള്ള പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പാര്‍ട്ടി നേരത്തെ തന്നെ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. എന്നാല്‍ ഇത് യുവാക്കള്‍ക്ക് പാര്‍ട്ടിയില്‍ ഇലക്ഷനെ നേരിടാന്‍ കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു നല്‍കുമെങ്കിലും ചില മുതിര്‍ന്ന നേതാക്കള്‍ക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ മുതിര്‍ന്ന നേതാക്കള്‍ പലരൂപത്തില്‍ പാണക്കാട്ടേക്ക് എത്തുന്നുമുണ്ട്.അതേസമയം മറ്റു രാഷ്ട്രീയ സംഘടനക്കളും ഇതേ തീരുമാനം തന്നെയാണ് കൈക്കൊണ്ടിട്ടുള്ളത്. ഇയൊരു കാര്യത്തില്‍ ഇനി ലീഗ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ യുവാക്കളില്‍ എതിര്‍ അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും അത് തെരഞ്ഞെടുപ്പില്‍ ലീഗിനെ ബാധിക്കുമോ എന്ന പേടിയും നേതൃത്വത്തിനുണ്ട്. പ്രതിപക്ഷ സംഘടനകള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമ്പോഴും, ലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന സാഹചര്യവും നിലവിലുണ്ട്.