കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടറെ കൈയ്യോടെ പിടികൂടി
ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടറെ കൈയ്യോടെ പിടികൂടി വിജിലൻസ്. ഇടുക്കി കട്ടപ്പന നഗരസഭ റവന്യൂ ഇൻസ്പെക്ടർ ഷിജു അസീസ്സാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍സിന്‍റെ പിടിയിലായത്. വസ്തു കൈമാറ്റം ചെയ്യുന്നതിന് കട്ടപ്പന സ്വദേശിയിൽ നിന്നും പതിമൂവായിരം രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇടുക്കി വിജിലൻസ് സംഘം കട്ടപ്പന നഗരസഭ റവന്യൂ ഇൻസ്പെക്ടറായ ഷിജു അസീസിനെ പിടികൂടിയത്.
കഴിഞ്ഞ പന്ത്രണ്ടാം തീയതി വസ്തു കൈമാറ്റത്തിന് അപേക്ഷ നൽകിയിരുന്ന വ്യക്തിയുടെ സ്ഥലം ഇയാൾ നേരിട്ടെത്തി സന്തർശിച്ചിരുന്നു. തുടർന്ന് ഫയൽ നീക്കുന്നതിന് അറുപതിനായിരം രൂപയാകുമെന്നും തനിക്ക് ഇരുപതിനായിരം രൂപ നൽകിയാൽ നടപടികൾ വേഗത്തിലാക്കി നൽകാമെന്നും ഇയാൾ സ്ഥലമുടമയെ അറിയിച്ചു. പിന്നീട് ഇത്രയും പണം തങ്ങളുടെ കയ്യിൽ ഇല്ലെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥൻ വഴങ്ങിയില്ല.
ഇന്നലെ സ്ഥലമുടമ ഓഫിസിലെത്തി ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ഒടുവിൽ പതിമൂവായിരം നൽകാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കില്ലെന്ന് പറഞ്ഞതോടെ സ്ഥലമുടമ ഇന്ന് പണം ഓഫീസിലെത്തിച്ച് നൽകുകയായിരുന്നു. പണം കൈമാറുന്നതിന് ഇടയിലാണ് ഇടുക്കി, കോട്ടയം വിജിലൻസ് സംഘങ്ങളെത്തി ഇയാളെ പിടികൂടിയത്. രണ്ടാഴ്ച്ച മുമ്പാണ് ഷിജു അസീസ്സ് കട്ടപ്പന റവന്യൂ ഇൻസ്‌പെക്ടറായി ചുമതലയേറ്റത്. ഇതിനോടകം നിരവധി ആളുകളിൽ നിന്നും ഇയാൾ കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തിട്ടുള്ളതായും ആരോപണമുണ്ട്.