കണ്ണീരില്‍ കുതിര്‍ന്ന വികസനമല്ല വേണ്ടത്-മന്ത്രി ഡോ. കെ.ടി ജലീല്‍
കേരളത്തില്‍ ഏറ്റവും കൂടിയ നഷ്ടപരിഹാര തുകയാണ് ദേശീയപാതയ്ക്ക് ഭൂമി വിട്ടു നല്‍കിയവര്‍ക്ക് നല്‍കിയത്.
മലപ്പുറം: കണ്ണീരില്‍ കുതിര്‍ന്ന വികസനമല്ല സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. ദേശീയ പാത വികസനത്തിന് ഭൂമി വിട്ടു നല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാര വിതരണ ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വികസനത്തിന് ഭൂമിയും വീടും കൃഷിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കിയാണ് വികസനം സാധ്യമാക്കുന്നത്. സര്‍ക്കാര്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ മുഴുവന്‍ നിറവേറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടിയ നഷ്ടപരിഹാര തുകയാണ് ദേശീയപാതയ്ക്ക് ഭൂമി വിട്ടു നല്‍കിയവര്‍ക്ക് നല്‍കിയത്. അസാധ്യമെന്ന് കരുതിയ പല പദ്ധതികളും പൂര്‍ത്തിയാക്കുന്നതിന് ഭൂവുടമകളുടെയും മറ്റും സഹകരണം വളരെ കൂടുതലാണ്. വികസനത്തിനായി ത്യാഗം സഹിച്ചവരെ അനുമോദിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വികസനത്തിന് തടസ്സം നില്‍ക്കുന്നത് ഒരു സ്ഥിരം കലാപരിപാടിയാണ്. ഇത് ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സര്‍ക്കാരിനെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തിട്ടുണ്ട്. ഉപജീവന മാര്‍ഗം ഉറപ്പുവരുത്തുന്നതോടൊപ്പം നഷ്ടപരിഹാരതുക എത്രയാണെന്ന് ഓരോരുത്തരെയും മുന്‍കൂട്ടി അറിയിച്ച് ആ തുകയാണ് നല്‍കുന്നത്. ഇതില്‍ ജനങ്ങള്‍ പൂര്‍ണ സംതൃപ്തരാണ്. ഗെയില്‍ പദ്ധതിക്ക് തടസ്സം നിന്നവര്‍ തന്നെയാണ് ദേശീയപാതാ വികസനത്തിനും തടസ്സം നിന്നത്. എതിര്‍പ്പുകള്‍ മറികടന്ന് ഗെയില്‍ പദ്ധതിയുടെ 95 ശതമാനവും ജില്ലയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്.
തൃശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ ഏറെ ഗതാഗതകുരുക്കുള്ള വളാഞ്ചേരി നഗരത്തില്‍ പ്രവേശിക്കാതെ യാത്ര ചെയ്യാവുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡും യാഥാര്‍ത്ഥ്യമാവുകയാണ്. ഏറെ നാളുകളുടെ നിയമക്കുരുക്കുകള്‍ക്ക് വിരാമമിട്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമാകാനൊരുങ്ങുന്നത്. ഇതില്‍ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരൂര്‍ താലൂക്കിലെ നടുവട്ടം വില്ലേജിലെ നഷ്ടപരിഹാര വിതരണമാണ് നടന്നത്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഭൂമിക്കും, കെട്ടിടങ്ങളുള്‍പ്പെടെയുള്ള എല്ലാ നിര്‍മിതികള്‍ക്കും, കാര്‍ഷിക വിളകള്‍ക്കും, മരങ്ങള്‍ക്കും പ്രത്യേകമായി വില നിര്‍ണ്ണയം നടത്തി സമശ്വാസപ്രതിഫലവും ചേര്‍ത്ത് ഇരട്ടിതുകയാണ് നഷ്ടപരിഹാരമായി നല്‍കിയത്. വിജ്ഞാപന തീയതിക്ക് മൂന്ന് വര്‍ഷം മുമ്പ് വരെ രജിസ്റ്റര്‍ ചെയ്ത എല്ലാ വിലയാധാരങ്ങളും പരിശോധിച്ച് സമാനമായഭൂമികളുടെ ഏറ്റവും മുന്തിയ പകുതി ആധാരങ്ങളിലെ ശരാശരി വിലയാണ് മാര്‍ക്കറ്റ് വിലയായി നിശ്ചയിച്ചത്. 1.2 ഗുണനഘടകവും 100 ശതമാനം സമാശ്വാസ പ്രതിഫലവും വിജ്ഞാപന തീയതി മുതല്‍ 2020 ജൂലെ 28 വരെ 12 ശതമാനം നിരക്കില്‍ വര്‍ധനവും അടക്കം നടുവട്ടം വില്ലേജില്‍ ഒരു സെന്റ് ഭൂമിക്ക് 4,70,540 രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്.
ഇത്തരത്തില്‍ വാണിജ്യകെട്ടിടങ്ങള്‍ക്ക് ഒരു ചതുരശ്ര അടിക്ക് 5412 രൂപവരെയും താമസകെട്ടിടങ്ങള്‍ക്ക് ഒരു ചതുരശ്ര അടിക്ക് 3896 രൂപവരെയും അനുവദിച്ചിട്ടുണ്ട്. കാര്‍ഷിക വിളകള്‍ക്ക് വിള ഇന്‍ഷൂറന്‍സില്‍ അനുവദിക്കുന്ന തുകയുടെ ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി അനുവദിക്കുന്നത്. മറ്റ് മരങ്ങള്‍ക്ക് വനം വകുപ്പ് നിശ്ചയിക്കുന്ന തുകയുടെ ഇരട്ടിയും നല്‍കുന്നത്.
നടുവട്ടം വില്ലേജില്‍ ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കുന്നത് 2.7940 ഹെക്ടര്‍ ഭൂമിയാണ്. അതില്‍ 2.6735 ഹെക്ടര്‍ സ്വകാര്യ ഭൂമിയും 0.1205 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയുമാണ്. 64 പേരില്‍ നിന്നാണ് ഇത്രയും ഭൂമി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയില്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന ഒമ്പത് വീടുകളും പതിനൊന്ന് കച്ചവട സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. നഷ്ടപ്പെടുന്ന വീടുകള്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ 2,86,000 രൂപ വീതവും വ്യാപാരികള്‍ക്ക് 75,000 രൂപ വീതവും മൊത്തം 33.99 ലക്ഷം രൂപ പുനരധിവാസത്തിനായി അനുവദിച്ചിട്ടുണ്ട്. 630 സെന്റ് സ്വകാര്യഭൂമിക്ക് അനുവദിച്ചിരിക്കുന്ന മൊത്തം നഷ്ടപരിഹാരം 29.67 കോടി രൂപയാണ്. 18.09 കോടി രൂപ കെട്ടിടങ്ങള്‍ക്കും 27.45 ലക്ഷം രൂപ കാര്‍ഷിക വിളകള്‍ക്കും 5.39 ലക്ഷം രൂപ മരങ്ങള്‍ക്കും നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട.് ഇത്തരത്തില്‍ നടുവട്ടം വില്ലേജില്‍ നഷ്ടപരിഹാരമായി അനുവദിച്ചിരിക്കുന്ന മൊത്തം തുക 48.43 കോടി രൂപയാണ്.
ചടങ്ങില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി, വൈസ് പ്രസിഡന്റ് പരപ്പാറ സിദ്ദീഖ്, പഞ്ചായത്തംഗങ്ങളായ ടി.സി. ഷമീല, ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, എ.ഡി.എം എന്‍.എം മെഹറലി, ദേശീയപാത അതോറിറ്റി ലെയ്‌സണ്‍ ഓഫീസര്‍ സി.പി മുഹമ്മദ് അഷ്‌റഫ്, ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ ജെ. ബാലചന്ദര്‍, ദേശീയപാത വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.