ഗർഭിണിയുടെ മരണം കൊവിഡ് വാക്‌സിനേഷൻ കാരണമാകാമെന്ന് സൂചിപ്പിച്ച് ഡെത്ത് സർട്ടിഫിക്കറ്റ്

പാലാ: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗർഭിണി മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി ബന്ധുക്കൾ. ഏഴാഴ്‌ച ഗർഭിണിയായിരുന്ന കാഞ്ഞിരപ്പള‌ളി സ്വദേശിനി മഹിമ മാത്യുവിന്റെ മരണത്തിലാണ് ബന്ധുക്കൾ പരാതിപ്പെട്ടിരിക്കുന്നത്.

പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് മഹിമ ഗൈനക്കോളജിസ്‌റ്റിനെ കണ്ടത്. ഈ ഡോക്ടർ പറഞ്ഞതനുസരിച്ചാണ് ഈ മാസം ആറിന് കൊവിഡ് വാക്‌സിൻ സ്വീകരിക്കാൻ മരങ്ങാട്ടുപള‌ളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മഹിമ പോയത്. അന്നുതന്നെയായിരുന്നു ഗർഭിണിയാണോ എന്നറിയാൻ മഹിമ ആശുപത്രിയിൽ പരിശോധന നടത്തിയത്.

ഏഴാഴ്‌ച ഗർഭിണിയാണെന്ന് പരിശോധനാ ഫലം വന്ന ശേഷം വീട്ടിൽ വിശ്രമത്തിലിരിക്കെ ഓഗസ്‌റ്റ് 11 മുതൽ കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ് മഹിമയ്‌ക്കുണ്ടായത്. തുടർന്ന് വീണ്ടും പാലായിലെ അതേ സ്വകാര്യ ആശുപത്രിയിൽ ഡോക്‌ടറെ കാണാനെത്തിയെങ്കിലും മറ്റൊരു ഡോക്‌ടറെയാണ് കണ്ടത്. ഗ്യാസിന്റെ മരുന്നുകളും ഡോളോ ഇഞ്ചക്ഷനുമെല്ലാമാണ് പരിശോധനക്കെത്തിയ ഓരോ തവണയും തന്നത്.

15ന് അസുഖം രൂക്ഷമായി ഇതേ ആശുപത്രിയിൽ വീണ്ടും ചികിത്സ തേടുകയും ബോധം നഷ്‌ടപ്പെട്ട് വെള‌ളിയാഴ്‌ച മരണമടയുകയും ചെയ്‌തു. ഡെത്ത് സർട്ടിഫിക്കറ്റിൽ കാരണം കൊവിഡ് വാക്‌സിനേഷൻ ആകാമെന്ന് സൂചിപ്പിച്ചിരുന്നു.

സംഭവത്തെ കുറിച്ച് ആശുപത്രി നൽകുന്ന വിശദീകരണം അനുസരിച്ച് പതിനഞ്ചാം തീയതി എത്തിയപ്പോൾ തന്നെ മഹിമയുടെ ബോധം പോയിരുന്നതായും പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സ തന്നെ നൽകി. മരണകാരണം അറിയാനുള‌ള പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലും മരണകാരണം തലച്ചോറിലെ രക്തസ്രാവം ആണെന്നാണ്. ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ നിർണായക ഇടപെടൽ നടത്തി പരിശോധിച്ച് മരണകാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും ബന്ധുക്കൾ ഇ-മെയിൽ വഴി പരാതി അയച്ചിരുന്നു.