‘വന്ദേഭാരത് മിഷന്‍’ വിമാന സർവീസുകള്‍ക്ക് നിരോധനമേർപ്പെടുത്തി ചൈന
ന്യൂഡൽഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയിൽ തിരിച്ചെത്തിയവരിൽ കോവിഡ് കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുളള വിമാന സർവീസുകൾ ചൈന അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഇന്ത്യയും ചൈനയും തമ്മിലുളള കൊമേഴ്ഷ്യൽ വിമാനസർവീസുകൾ ഇതുവരെ പുനരാരംഭിച്ചിരുന്നില്ലെങ്കിലും വന്ദേഭാരത് മിഷന്റെ ഭാഗമായി എയർഇന്ത്യ വിമാനങ്ങൾ ചൈനയിലേക്ക് സർവീസ് നടത്തിയിരുന്നു.
1500 ഇന്ത്യക്കാർ ചൈനയിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചൈനയുടെ പുതിയ തീരുമാനം ഇവരുടെ യാത്ര അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ‘മഹാമാരിയെ നേരിടാനുളള ന്യായമായ നടപടിയാണിതെ’ന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം നൽകുന്ന വിശദീകരണം.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ചൈനീസ് വിസയോ, റെസിഡൻസ് പെർമിറ്റോ കൈവശമുളള ഇന്ത്യക്കാരുടെ ചൈനയിലേക്കുളള പ്രവേശനം താല്കാലികമായി നിർത്തിവെക്കാൻ ചൈന തീരുമാനിച്ചു. ഇവർ നൽകുന്ന ആരോഗ്യപരിശോധനാ സർട്ടിഫിക്കറ്റിൽ ചൈന എംബസി/കോൺസുലേറ്റുകളോ സ്റ്റാമ്പ് ചെയ്യില്ലെന്നും ചൈനീസ് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.
എന്നാൽ ചൈനീസ് നയതന്ത്ര, സേവന, സി-വിസകൾ കൈവശമുളളവർക്ക് ഇത് ബാധകമല്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര- മാനുഷികാവശ്യങ്ങൾക്കായി ചൈന സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിസക്കായി ഇന്ത്യയിലെ ചൈനീസ് എംബസിയിലോ കോൺലേറ്റുകളിലോ അപേക്ഷ സമർപ്പിക്കാനാവും. 2020 നവംബർ മൂന്നിന് ശേഷം നൽകിയ വിസകളുളളവർക്കും പ്രവേശന വിലക്കില്ല.
വന്ദേഭാരത് മിഷൻ വഴി കഴിഞ്ഞ വെളളിയാഴ്ച ചൈനയിലെത്തിയ ഇന്ത്യക്കാരിൽ 23 പേരാണ് കോവിഡ് പോസിറ്റിവായിരുന്നത്, ഇവരിൽ 19 പേർക്ക് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല