കോഴിക്കോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിൽ എം.സി ഖമറുദ്ദീൻ എംഎൽഎയെ അറസ്റ്റ് ചെയ്തത് അന്യായമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ബിസിനസ്സ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണ്, ഇത് അസാധാരണ നടപടിയാണ്. ഖമറുദ്ദീൻ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഖമറുദ്ദീൻ വിഷയത്തിൽ ലീഗ് ഉന്നതാധികാര സമിതിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ലീഗ് നേതാക്കൾ.
ഇല്ലാത്ത വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനെതിരായ ആരോപണത്തിൽ അന്വേഷണം പോലും പൂർത്തിയായിട്ടില്ല. രാവിലെ ചോദ്യം ചെയ്യാൻ വിളിക്കുന്നു, വൈകുന്നേരം അറസ്റ്റ് ചെയ്യുന്നു. അതിനിടയ്ക്ക് അറസ്റ്റ് ഉണ്ടാവുമെന്ന് അന്വേഷണസംഘത്തിന്റെ പ്രഖ്യാപനവും വരുന്നു. ഇത് അസാധാരണ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മറ്റ് അന്വേഷണങ്ങളുടെ വാർത്തകളെ പ്രതിരോധിക്കാനുള്ള സംഭവം മാത്രമാണ് ഈ അറസ്റ്റ്. അത് നിയമപരമായി നിലനിൽക്കില്ല. രാഷ്ട്രീയമായി വാർത്ത സൃഷ്ടിക്കാനുള്ള ഒരു നടപടിയായി മാത്രമേ ഇതിനെ കണക്കാക്കാൻ സാധിക്കുകയുള്ളൂ. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനല്ല സർക്കാരിന്റ താത്പര്യം. എന്നാൽ ലീഗിന്റെ നിലപാട് പണം തിരിച്ചുകിട്ടലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഈ കേസ് പാർട്ടിയുടെ ചർച്ചയ്ക്കെത്തിയപ്പോൾ നിശ്ചിത സമയത്തിനുള്ളിൽ മുഴുവൻ നിക്ഷേപകരുടേയും പണം തിരിച്ചുനൽകണമെന്നാണ് പാർട്ടി സ്വീകരിച്ച നിലപാട്. ഇന്ന് ചേർന്ന യോഗത്തിലും സമാനമായ നിലപാടാണ് ആവർത്തിച്ചത്. ഏത് ബിസിനസ്സ് തകർന്നാലും അതിൽ ന്യായമായി എടുക്കാവുന്ന തീരുമാനം പണം നിശ്ചിതസമയത്തിനുള്ളിൽ തിരിച്ചുനൽകാം എന്നാണ് . ഫാഷൻ ഗോൾഡിന്റെ കാര്യത്തിലും ഈ നിലപാടാണ് എടുത്തത്. എന്നാൽ അതിനുള്ള സാവകാശം പോലും അനുവദിക്കാതെയാണ് അറസ്റ്റ് നടന്നത്. അന്യായമായ അറസ്റ്റാണ് നടന്നത്. ബിസിനസ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യും എന്നാണെങ്കിൽ സിറ്റിങ് എംഎൽഎമാരിൽ പലരേയും അറസ്റ്റ് ചെയ്യേണ്ടി വരും”.
ഫാഷൻ ഗോൾഡ് ജ്വല്ലറി നഷ്ടത്തിലാണെന്ന വിവരം പാർട്ടി നേരത്തെ അറിഞ്ഞില്ല. ഖമറുദ്ദീന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ചരിത്രം നോക്കിയാണ് മഞ്ചേശ്വരത്ത് സ്ഥാനാർഥിയാക്കിയതെന്നും കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു